എന്റെ ഫാമിലിയില്‍ ആ നടന് ഒരുപാട് ഫാന്‍സുണ്ട്; അയാളെ അറിയുമോയെന്ന് ഒരിക്കല്‍ മകള്‍ ചോദിച്ചു: ദുല്‍ഖര്‍ സല്‍മാന്‍
Entertainment
എന്റെ ഫാമിലിയില്‍ ആ നടന് ഒരുപാട് ഫാന്‍സുണ്ട്; അയാളെ അറിയുമോയെന്ന് ഒരിക്കല്‍ മകള്‍ ചോദിച്ചു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th October 2024, 9:17 am

കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിന് എത്തുന്നുണ്ട്.

ഇപ്പോള്‍ ലക്കി ഭാസ്‌കറിന്റെ പ്രീ റിലീസ് ഇവന്റില്‍ തനിക്ക് ഇഷ്ടമുള്ള തെലുങ്ക് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2020ല്‍ പുറത്തിറങ്ങിയ അല വൈകുണ്ഠപുരമുലൂ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്.

അല വൈകുണ്ഠപുരമുലൂ എന്ന സിനിമ താന്‍ കണ്ടിട്ടുണ്ടെന്നും തന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അതെന്നും നടന്‍ പറയുന്നു. ഒപ്പം തന്റെ മകള്‍ ഒരു അല്ലു അര്‍ജുന്‍ ഫാനാണെന്നും ഒരിക്കല്‍ അവള്‍ തന്നോട് അദ്ദേഹത്തെ അറിയുമോയെന്ന് ചോദിച്ചിരുന്നെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Dulquer Salmaan Talks About Allu Arjun

Dulquer Salmaan

‘ഞാന്‍ അല വൈകുണ്ഠപുരമുലൂ എന്ന സിനിമ കണ്ടിരുന്നു. അത് എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. എന്റെ മകള്‍ ഒരു അല്ലു അര്‍ജുന്‍ ഫാനാണ്. ‘നിങ്ങള്‍ക്ക് അല്ലു അര്‍ജുനെ അറിയുമോ’ എന്ന് ഒരിക്കല്‍ എന്നോട് അവള്‍ ചോദിച്ചു. ആ സമയത്ത് ഞാന്‍ ഒരു നടന് പകരം അവളുടെ അച്ഛനായി.

‘ഞാന്‍ തീര്‍ച്ചയായും ഒരിക്കല്‍ അല്ലു അര്‍ജുനെ കാണും. അങ്ങനെ കണ്ടാല്‍ നിന്റെ കാര്യം പറയും. നിനക്ക് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹത്തെ കുറിച്ച് ഞാന്‍ പറയും’ എന്ന് അവളോട് പറഞ്ഞു. എന്റെ ഫാമിലിയില്‍ അല്ലു അര്‍ജുന് ഒരുപാട് ഫാന്‍സുണ്ട്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

മഹാനടി, സീതാരാമം എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍. സിനിമയുടെ ട്രെയ്ലറിനും പാട്ടിനും വന്‍ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 80കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ ഭാസ്‌കര്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

Content Highlight: Dulquer Salmaan Says Allu Arjun Has Many Fans In His Own Family