വാപ്പച്ചിയും ലാലങ്കിളും ചെയ്തത് പോലെ ഒരു വര്‍ഷം 20 സിനിമകള്‍ ഇപ്പോള്‍ പോസിബിളല്ല, കാരണം.... ദുല്‍ഖര്‍ സല്‍മാന്‍
Entertainment
വാപ്പച്ചിയും ലാലങ്കിളും ചെയ്തത് പോലെ ഒരു വര്‍ഷം 20 സിനിമകള്‍ ഇപ്പോള്‍ പോസിബിളല്ല, കാരണം.... ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 5:26 pm

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ക്രൗഡ്പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളസിനിമയില്‍ ഉണ്ടാക്കിയെടുത്ത ഇംപാക്ട് വളരെ വലുതാണ്. ബിഗ് എംസിന് ശേഷം ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ ദുല്‍ഖറിന്റെ പേരിലാണ്. മണിരത്‌നം ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖര്‍ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ റിലീസിന് തയാറെടുക്കുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ തുടക്കകാലത്ത് ചെയ്തതുപോലെ വര്‍ഷത്തില്‍ 20നടുത്ത് സിനിമകള്‍ ഇപ്പോള്‍ ഒരു യുവനടനും ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദുല്‍ഖര്‍. ഇപ്പോള്‍ അതുപോലെ ചെയ്യാന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മറ്റ് സൗകര്യങ്ങളും വന്നതുകൊണ്ട് പ്രേക്ഷകരുടെ ഫ്രീക്വന്‍സി വല്ലാതെ മാറിയിട്ടുണ്ടെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സിനിമകളും ഓഡിയന്‍സ് കാണുമെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

മമ്മൂട്ടിയുടെ നാല് സിനിമകള്‍ ഒരു ഓണം സീസണില്‍ റിലീസായിട്ടുണ്ടെന്നും നാലും ഹിറ്റായിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് എല്ലാ സിനിമയിലും ഒരേ മുഖം കാണുന്നത് ചിലപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഒരു സിനിമ ഷൂട്ട് തീര്‍ത്ത് തൊട്ടടുത്ത ദിവസം തന്നെ അടുത്ത സിനിമയുടെ ഷൂട്ട് തുടങ്ങിയ അവസ്ഥയുണ്ടായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘വാപ്പച്ചിയും ലാലങ്കിളും അവരുടെ കരിയറിന്റെ പീക്കിലാണ് വര്‍ഷത്തില്‍ 15ഉം 20ഉം സിനിമകള്‍ ചെയ്തത്. അന്ന് അവര്‍ക്കത് ചെയ്യാന്‍ എളുപ്പമായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. പക്ഷേ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മറ്റ് സോഷ്യല്‍ മീഡിയകളും കടന്നുവന്നതോടെ ഓഡിയന്‍സിന്റെ ഫ്രീക്വന്‍സി കുറഞ്ഞതുപോലെയാണ് എനിക്ക് തോന്നുന്നത്. എല്ലാ സിനിമയിലും ഒരേ മുഖം തന്നെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്ന ഒരു കാര്യം. അത് എത്രത്തോളം സത്യമാണെന്ന് ഉറപ്പില്ല.

എനിക്കിപ്പോഴും ഓര്‍മയുണ്ട്, വാപ്പിച്ചിയുടെ നാല് സിനിമകള്‍ ഒരു ഓണം സീസണില്‍ റിലീസായിരുന്നു. നാലും ഹിറ്റായി മാറി. അന്ന് എങ്ങനെയാണെന്ന് വെച്ചാല്‍ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസം തന്നെ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങിവെക്കും. ലാലങ്കിളും അതുപോലെയൊക്കെയായിരുന്നു. ഇന്നും അവര്‍ സിനിമയോട് പാഷനേറ്റ് ആണ്. അതുകൊണ്ടാണ് ഇന്നും അവര്‍ നിലനില്‍ക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan saying that it’s not possible to do 20 films in a year like Mohanlal and Mammootty did