പ്രണവിനെക്കാള്‍ ഞാന്‍ ആ കുടുംബത്തിലെ മറ്റൊരാളുമായിട്ടാണ് കൂടുതല്‍ ക്ലോസായിട്ടുള്ളത്: ദുല്‍ഖര്‍
Entertainment
പ്രണവിനെക്കാള്‍ ഞാന്‍ ആ കുടുംബത്തിലെ മറ്റൊരാളുമായിട്ടാണ് കൂടുതല്‍ ക്ലോസായിട്ടുള്ളത്: ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 9:51 pm

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏത് സിനിമക്കും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ ദുല്‍ഖറിന്റെ സിനിമകള്‍ക്കാണ് സാധിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ റിലീസിനൊരുങ്ങുകയാണ്. മലയാളത്തിലെ താരപുത്രന്മാരിലൊരാളായ പ്രണവ് മോഹന്‍ലാലും താനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍.

പ്രണവിനെ കുട്ടിക്കാലം മുതല്‍ക്കേ അറിയാമെന്നും തന്നെക്കാള്‍ നാല് വയസിന് ഇളയതാണ് പ്രണവെന്നും ദുല്‍ഖര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വീട്ടില്‍ കുട്ടിക്കാലത്ത് പോകുമ്പോഴെല്ലാം പ്രണവുമായി കളിക്കാറുണ്ടായിരുന്നെന്നും പിന്നീട് താന്‍ കോളേജിലേക്ക് പോയതിന് ശേഷം പ്രണവിനെ അധികം കാണാന്‍ സാധിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നതിന് ശേഷം തങ്ങള്‍ തമ്മില്‍ അധികം സംസാരമുണ്ടായിട്ടില്ലെന്നും പ്രണവിന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴുും താന്‍ സന്തോഷിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

പ്രണവിനെക്കാള്‍ സുചിത്ര ആന്റിയോടാണ് താന്‍ കൂടുതല്‍ ക്ലോസായിട്ടുള്ളതെന്നും പ്രണവിന്റെ ഓരോ സിനിമ റിലീസാകുമ്പോഴും അഭിപ്രായമറിയാന്‍ വേണ്ടി തങ്ങള്‍ ഫോണ്‍ ചെയ്യാറുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് യാത്ര ചെയ്യുന്ന പ്രണവിനെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അയാള്‍ ജീവിതത്തെ നോക്കിക്കാണുന്ന രീതി വ്യത്യസ്തമാണെന്നും അതില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘പ്രണവുമായി ഒരിക്കലും സീരിയസ് കോണ്‍വര്‍സേഷന്‍ ഉണ്ടായിട്ടില്ല. അവന് എന്നെക്കാളും പ്രായം കുറവാണ്. കുട്ടിക്കാലത്ത് ലാലങ്കിളിന്റെ വീട്ടില്‍ പോകുമ്പോള്‍ അല്ലറ ചില്ലറ കളികള്‍ മാത്രമേ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുള്ളൂ. അന്ന് ഞാന്‍ ഒമ്പതാം ക്ലാസിലെങ്ങാണ്ട് പഠിക്കുകയാണ്. പിന്നീട് പ്ലസ് ടുവിന് ശേഷം ഞാന് കോളേജ് പഠനത്തിനായി പുറത്തേക്ക് പോയി. പിന്നീട് പ്രണവും കോളേജ് പഠനവും മറ്റ് കാര്യങ്ങളുമായി തിരക്കിലായി. അവന്റെ ഓരോ സിനിമ ഇറങ്ങുമ്പോഴും ഞാന്‍ അത്യാവശ്യം ക്യൂരിയസ് ആകാറുണ്ട്.

പ്രണവിനെക്കാള്‍ സുചി ആന്റിയുമായാണ് ഞാന്‍ കൂടുതല്‍ ക്ലോസ്. പ്രണവിന്റെ ഓരോ സിനിമ റിലീസാകുമ്പോഴും അഭിപ്രായം അറിയാന്‍ വേണ്ടി ഞങ്ങള്‍ ഫോണ്‍ ചെയ്യാറുണ്ട്. പ്രണവിനെ നമുക്ക് ഫോണില്‍ കിട്ടില്ലല്ലോ. യാത്രകളും മറ്റുമായി അയാള്‍ സ്വന്തം ജീവിതം ആസ്വദിക്കുകയായിരിക്കും ആ സമയത്ത്. അയാള്‍ ജീവിതത്തെ നോക്കിക്കാണുന്ന രീതി വ്യത്യസ്തമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan saying that he is close with Suchithra more than Pranav Mohanlal