കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 80കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സിനിമയില്‍ ഭാസ്‌കര്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. മഹാനടി, സീതാരാമം എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ മലയാളത്തില്‍ നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രത്തില്‍ തന്റെ കഥാപാത്രം പറയുന്ന പഞ്ച് ഡയലോഗ് മലയാളത്തിലായിരുന്നെങ്കില്‍ തകര്‍ത്തേനെ എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് വിശദീകരിക്കുകയാണ് താരം. മറ്റ് ഭാഷകളിലുള്ളതുപോലെ മലയാളത്തില്‍ പഞ്ച് ഡയലോഗ് കുറവാണെന്ന് ദുല്‍ഖര്‍ പറഞ്ഞു.
എന്നാല്‍ അത്തരം പഞ്ച് ഡയലോഗ് പറയാന്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമേ പലരും അവകാശം കൊടുത്തിട്ടുള്ളൂവെന്നും താനൊക്കെ അങ്ങനെ പറഞ്ഞാല്‍ അത് കാര്യമാക്കാറില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അതിന് ആയിട്ടില്ലെന്ന് പലരും പറയാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. അതൊക്കെ താന്‍ ചെയ്യാന്‍ കുറച്ചുകൂടി കാലമെടുക്കുമെന്നും ഭാവിയില്‍ എപ്പോഴെങ്കിലും താനും അത് ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
‘മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ ചില സമയത്ത് പഞ്ച് ഡയലോഗ് പറയാന്‍ ഞാന്‍ ബുദ്ധിമുട്ടാറുണ്ട്. കാരണം, പൊതുവെ മലയാളത്തില്‍ കുറവാണ്. അത്തരം ഡയലോഗുകള്‍ പറയാന്‍ വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമേ അര്‍ഹതയും അവകാശവും കൊടുത്തിട്ടുള്ളൂ. നമ്മളൊക്കെ അത് പറയാന്‍ നിന്നാല്‍ നീയൊന്നും അതിന് ആയിട്ടില്ല എന്നാണ് പലരും നമ്മളോട് പറയാറുള്ളത്.
അതൊക്കെ നമ്മള്‍ പലതവണ കേട്ടിട്ടുണ്ട്. അവര്‍ പറയുന്ന അതേപോലെ നമ്മള്‍ പറഞ്ഞാല്‍ ആ ഇംപാക്ടില്‍ ആയിക്കോളണം എന്നില്ല. കുറച്ചു കാലം കഴിഞ്ഞാല്‍ എനിക്കും അത് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഭാവിയില്‍ എപ്പോഴെങ്കിലും ഞാന്‍ ആ കാര്യം ചെയ്യുമായിരിക്കും,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content Highlight: Dulquer Salmaan saying that he feel difficult while dub punch dialogue in other languages