| Wednesday, 30th October 2024, 2:45 pm

വാപ്പച്ചി ലാലങ്കിളിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്, അത്തരം റോളുകള്‍ ചെയ്യാനുള്ള കാരണം... ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലാണ് ഒരുങ്ങിയത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലറിനും മറ്റും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 80കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഭാസ്‌കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ദുല്‍ഖറാണ്.

മലയാളത്തിലുള്ള നടന്മാര്‍ ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്യാന്‍ തയാറായിട്ടുള്ളവരാണെന്ന് പറയുകയാണ് ദുല്‍ഖര്‍. മോഹന്‍ലാലിന്റെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെന്നും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ അവര്‍ക്കൊന്നും യാതൊരു മടിയും ഇല്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. ആ ജനറേഷനിലുള്ള നടന്മാര്‍ സിനിമയിലേക്ക് വന്നത് തിയേറ്റര്‍ ബാക്ക്ഗ്രൗണ്ടിലൂടെയാണെന്നും അതാണ് അവര്‍ക്ക് ധൈര്യം നല്‍കുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

അത്തരം പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ അവര്‍ക്കെല്ലാം ഏത് തരത്തിലുള്ള കഥാപാത്രവും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. സ്ത്രീവേഷം ചെയ്യാനും, പ്രായമായിട്ടുള്ള കഥാപാത്രവും ടീനേജുകാരായിട്ടുമെല്ലാം അവര്‍ വളരെ എളുപ്പത്തില്‍ അഭിനയിക്കാറുണ്ടെന്നും അവരെയെല്ലാം സംബന്ധിച്ച് അത്തരം വേഷങ്ങള്‍ ചലഞ്ചിങ്ങാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്‌കറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തെലുങ്ക് താരം റാണാ ദഗ്ഗുബട്ടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

‘പഴയ ജനറേഷനിലെ നടന്മാര്‍ നമ്മളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് വെച്ചിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണം ലാല്‍ സാറിന്റെ അച്ഛനായി വാപ്പച്ചി അഭിനയിച്ചിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. അതിന് കാരണം ആ ജനറേഷനിലെ പല നടന്മാരും സിനിമയിലേക്ക് കടന്നുവന്നത് തിയേറ്റര്‍ ബാക്ക്ഗ്രൗണ്ടിലൂടെയാണ്. അത് അവരെ നന്നായി സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

തിയേറ്റര്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ ഏത് തരം കഥാപാത്രവും അവര്‍ക്ക് എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ കഴിയും. സ്ത്രീവേഷം ചെയ്യാനും, 70-80 വയസുള്ള വൃദ്ധനായും, ടീനേജുകാരനായുമെല്ലാം അവര്‍ക്ക് സിമ്പിളായി പകര്‍ന്നാടാന്‍ കഴിയും. അവരെ സംബന്ധിച്ച് അതെല്ലാം ചലഞ്ചിങ്ങായിട്ടുള്ള വേഷങ്ങളാണ്. അതെല്ലാം നമുക്ക് ഇപ്പോള്‍ കാണുമ്പോള്‍ പോലും അത്ഭുതമാണ്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

Content Highlight: Dulquer Salmaan saying Mammootty and Mohanlal can do any type roles

We use cookies to give you the best possible experience. Learn more