Advertisement
Entertainment
എന്റെ കൂടെ മാത്രം വര്‍ക്ക് ചെയ്താല്‍ നിനക്ക് വളര്‍ച്ചയുണ്ടാകില്ലെന്ന് അവനോട് പറഞ്ഞിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 31, 05:43 am
Thursday, 31st October 2024, 11:13 am

ഒരു വര്‍ഷത്തെ ഇടവളക്ക് ശേഷം ദുല്‍ഖറിന്റെ ബിഗ് സ്‌ക്രീന്‍ എന്‍ട്രിയുമായെത്തുന്ന ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി തെലുങ്കില്‍ ഒരുക്കിയ ചിത്രം തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞപ്പോള്‍ അതിഗംഭീര പ്രതികരണമാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവിയാണ്. ദുല്‍ഖറിനൊപ്പം നിമിഷ് വര്‍ക്ക് ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ലക്കി ഭാസ്‌കര്‍.

തന്നെ ഏറെ അത്ഭുതപ്പെടുത്തിയ ക്യാമറാമാനാണ് നിമിഷെന്ന് ദുല്‍ഖര്‍ പറഞ്ഞു. കുറുപ്പ് എന്ന ചിത്രത്തിലാണ് തങ്ങള്‍ ആദ്യമായി ഒന്നിച്ചതെന്നും അതില്‍ നിമിഷ് സെറ്റ് ചെയ്ത് വെച്ച ഫ്രെയിമുകള്‍ കണ്ട് അമ്പരന്നുവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് കിങ് ഓഫ് കൊത്തയിലും നിമിഷ് തന്നെയായിരുന്നുവെന്നും അതിലും നിമിഷിന്റെ വര്‍ക്ക് ശ്രദ്ധേയമായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി തന്റെ കൂടെ മാത്രം സിനിമ ചെയ്യുന്നത് കണ്ടപ്പോള്‍ താന്‍ അവനെ ഉപദേശിച്ചെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

എപ്പോഴും തന്റെ കൂടെ മാത്രം വര്‍ക്ക് ചെയ്താല്‍ കരിയറില്‍ വളര്‍ച്ചയുണ്ടാകില്ലെന്നും മറ്റ് സിനിമകള്‍ കൂടി നോക്കണമെന്നും നിമിഷിനോട് പറഞ്ഞെന്ന് ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ ലക്കി ഭാസ്‌കറിന്റെ സെറ്റിലെത്തിയപ്പോള്‍ ആ സിനിമയിലേക്കും അവനെയാണ് പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് ക്യാമറാമാനായി വിളിച്ചതെന്നും വീണ്ടും അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്‌കറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

‘നിമിഷും ഞാനും വര്‍ക്ക് ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ലക്കി ഭാസ്‌കര്‍. അവന്‍ ക്യാമറ ചെയ്യുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ഓരോ മൈന്യൂട്ട് കാര്യവും ക്യാപ്ചറാകുമെന്ന് ഉറപ്പാണ്. സെറ്റില്‍ ഞങ്ങള്‍ രണ്ടും എപ്പോഴും ഒരുമിച്ചായിരുന്നു. ഞാന്‍ ആദ്യമായി നിമിഷിനെ കാണുന്നത് കുറുപ്പിന്റെ സെറ്റിലാണ്. അത്രയും വലിയ പടത്തില്‍ അവന്‍ സെറ്റ് ചെയ്ത് വെച്ച ഫ്രെയിം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ബ്രില്യന്റായിട്ടുള്ള ടെക്‌നീഷ്യനാണ് നിമിഷ്. പിന്നീട് കൊത്തയിലും അവന്‍ തന്നെയായിരുന്നു ഡി.ഓ.പി.

ആ സിനിമ കൂടെ ചെയ്തപ്പോള്‍ ഞാന്‍ അവനെ ഉപദേശിച്ചു. എന്റെ സിനിമകള്‍ അല്ലെങ്കില്‍ ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ വരുന്ന സിനിമകള്‍ മാത്രം ചെയ്താല്‍ നിനക്ക് കരിയറില്‍ ഗ്രോത്ത് ഉണ്ടാകില്ല. നീ പുറത്തേക്കും കൂടി ട്രൈ ചെയ്യ് എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ലക്കി ഭാസ്‌കറിന്റെ സെറ്റിലെത്തിയപ്പോള്‍ അതിലും അവന്‍ തന്നെയായിരുന്നു. എങ്ങനെയെങ്കിലും ഒഴിവാകാന്‍ നോക്കിയെങ്കിലും നടന്നില്ല എന്നാണ് അവന്‍ പറഞ്ഞത്,’ ദുല്‍ഖര്‍ പറയുന്നു.

Content Highlight: Dulquer Salmaan saying he was stunned after watch Nimish Ravi’s frames in Kurupp