ചാര്‍ലി കണ്ടിട്ടാണ് എന്നെ ആ സിനിമയിലേക്ക് വിളിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു, പക്ഷേ കഥാപാത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏത് സിനിമക്കും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ ദുല്‍ഖറിന്റെ സിനിമകള്‍ക്കാണ് സാധിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ ഒ.ടി.ടി റിലീസിലും ട്രെന്‍ഡാവുകയാണ്.
കരിയറില്‍ ഇന്നേവരെ ഓഡിഷന്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തന്റെ സിനിമകള്‍ മറ്റ് ഭാഷകളിലേക്ക് അവസരം കിട്ടാന്‍ സഹായിച്ചിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. കര്‍വാന്‍ എന്ന സിനിമയിലേക്ക് തന്നെ സെലക്ട് ചെയ്തത് ചാര്‍ലി കണ്ടിട്ടാണെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചാര്‍ലിയില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു കര്‍വാനിലേതെന്നും രണ്ടും തമ്മില്‍ ഒരു സാമ്യവുമില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു പക്ഷേ ചാര്‍ലി ചെയ്ത തനിക്ക് ആ കഥാപാത്രവും ചെയ്യാന്‍ സാധിക്കുമെന്ന് സംവിധായകന്‍ ചിന്തിച്ചിട്ടുണ്ടാകുമെന്നും അങ്ങനെയാകാം ആ സിനിമ തന്നിലേക്കെത്തിയതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്‌കറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘സിനിമയിലെത്തി ഇത്രയും വര്‍ഷത്തിനിടക്ക് ഒരിക്കല്‍ പോലും എനിക്ക് ഓഡിഷന്‍ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ, എന്റെ ചില സിനിമകള്‍ മറ്റ് അവസരങ്ങള്‍ കിട്ടാന്‍ സഹായകരമായിട്ടുണ്ട്. ഉദാഹരണത്തിന് കര്‍വാന്‍ എന്ന സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്യാന്‍ കാരണം ചാര്‍ലിയിലെ പെര്‍ഫോമന്‍സാണെന്ന് അതിന്റെ സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.
പക്ഷേ കര്‍വാനിലെ എന്റെ ക്യാരക്ടര്‍ ചാര്‍ലിയില്‍ നിന്ന് വളരെ ഡിഫറന്റായിരുന്നു. എനിക്ക് ആദ്യം കണ്‍ഫ്യൂഷനായി. എന്ത് കൊണ്ടാകും എന്നെ ഈ പടത്തിലേക്ക് തെരഞ്ഞെടുത്തത് എന്ന്. ചിലപ്പോള്‍ ചാര്‍ലി ചെയ്ത എനിക്ക് ആ കഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്ന് പുള്ളിക്ക് തോന്നിക്കാണും. അതുകൊണ്ടാകും എനിക്ക് ആ സിനിമ കിട്ടിയത്,’ ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിനൊപ്പം ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ ഇര്‍ഫാന്‍ ഖാന്‍, മിതില പാല്‍ക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫീല്‍ ഗുഡ് ചിത്രമായിരുന്നു കര്‍വാന്‍. ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് സാധിച്ചു.
Content Highlight: Dulquer Salmaan saying he got Karwaan movie because of his performance in Charlie