മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് ലൈനോടെ സിനിമയിലേക്ക് വന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രത്തില്‍ ആ ടാഗ് ഉണ്ടെന്നതുകൊണ്ടു മാത്രം നിരവധി വിമര്‍ശനങ്ങളാണ് ദുല്‍ഖര്‍ കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും ഡി.ക്യു ആയി വളര്‍ന്ന ദുല്‍ഖര്‍ ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്.
ദുല്‍ഖറിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്കില്‍ റിലീസായ ഈ ചിത്രം മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തിയിരുന്നു. ഒക്ടോബര്‍ 30ന് തിയേറ്ററുകളിലെത്തി ലക്കി ഭാസ്‌കറിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്.
തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ മഹേഷ് തനിക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന കഥകളെല്ലാം ബ്ലോക്ക് ബസ്റ്ററുകളാണെന്ന് ദുല്‍ഖര്‍ പറയുന്നു. ലക്കി ഭാസ്‌കര്‍ സിനിമയില്‍ ആരും അഭിനയിക്കുകയല്ലായിരുന്നെന്നും ജീവിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
‘ഈ സിനിമയിലെ എല്ലാ മനുഷ്യരും വളരെ നല്ലവരും കരുണയുള്ളവരുമാണ്. അവര്‍ക്ക് എല്ലാവര്‍ക്കും നല്ല ഒരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ താത്പര്യമായിരുന്നു. എനിക്ക് ഓരോ ദിവസവും ഷൂട്ടിന് വരാന്‍ വല്ലാതെ ഇഷ്ടമായിരുന്നു. അവിടെ വന്നിട്ട് ഓരോരുത്തരുടെയും വര്‍ക്ക് കാണാന്‍ തന്നെ ഇഷ്ടമായിരുന്നു. മഹേഷേ, നിനക്ക് ഏതെങ്കിലും കഥ ഇഷ്ടമായാല്‍ അത് എന്നോട് പറയണേ, കാരണം അദ്ദേഹം എനിക്ക് വേണ്ടി സെലക്ട് ചെയ്യുന്ന സിനിമകളെല്ലാം ബ്ലോക്ക് ബസ്റ്ററാണ്.
ജി.വി. പ്രകാശാണ് ആദ്യമായി മെസ്സേജ് അയച്ച് ബ്രോ, നമ്മുടെ കയ്യില്‍ ഉള്ളത് ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമയാണെന്ന് പറയുന്നത്. ഞാന്‍ ഇതുവരെ നാല്പതോളം സിനിമകള്‍ ചെയ്തു. അതുകൊണ്ടു തന്നെ ഞാന്‍ അത് അതിന് മുമ്പും കേട്ടിട്ടുള്ളതാണ്. ആ ഒരു അനുഭവങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ റിലീസ് വരെ നമുക്ക് കാത്തിരിക്കാം എന്നിട്ട് സംസാരിക്കാം എന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. എനിക്ക് തോന്നുന്നില്ല ഞങ്ങള്‍ ആരെങ്കിലും ഈ സിനിമയില്‍ അഭിനയിച്ചോ എന്ന്, കാരണം ഞങ്ങള്‍ എല്ലാവരും ഇതില്‍ ജീവിക്കുകയായിരുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
Content Highlight: Dulquer Salmaan’s Speech In Lucky Baskar Success Meet