Advertisement
ദളപതി റീമേക്കില്‍ മമ്മൂട്ടിക്ക് പകരം ദുല്‍ഖര്‍, രജിനിയായി ഇവരില്‍ ആരെ തെരഞ്ഞെടുക്കും; മറുപടി
Film News
ദളപതി റീമേക്കില്‍ മമ്മൂട്ടിക്ക് പകരം ദുല്‍ഖര്‍, രജിനിയായി ഇവരില്‍ ആരെ തെരഞ്ഞെടുക്കും; മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 16, 06:54 am
Wednesday, 16th August 2023, 12:24 pm

കിങ് ഓഫ് കൊത്ത റിലീസിനോടടുക്കുമ്പോള്‍ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഹൈദരാബാദില്‍ നിന്നുമുള്ള താരത്തിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ നേടുകയാണ്. റാണാ ദഗ്ഗുബാട്ടിയും നാനിയും മുഖ്യാതിഥികളായ പ്രി റിലീസ് ഇവന്റില്‍ അവതാരക ദുല്‍ഖറിനെ കുഴപ്പിക്കുന്ന ഒരു ചോദ്യവുമായാണ് എത്തിയത്.

‘ദളപതി റീമേക്ക് ചെയ്താല്‍ മമ്മൂട്ടിയുടെ കഥാപാത്രമായി ദുല്‍ഖര്‍ വന്നാല്‍ രജിനിക്ക് പകരം ആരെ തെരഞ്ഞെടുക്കും, ഓപ്ഷന്‍സ് ജൂനിയര്‍ എന്‍.ടി.ആര്‍, അല്ലു അര്‍ജുന്‍, റാണാ ദഗ്ഗുബാട്ടി. റാണ ഇവിടെ ഉള്ളതുകൊണ്ട് പക്ഷപാതം കാണിക്കരുത്,’ എന്നാണ് അവതാരക പറഞ്ഞത്.

ഞാനും റാണയും പുതിയൊരു പ്രൊജക്ടിനായി ഉടന്‍ ഒന്നിക്കാന്‍ പോവുകയാണ്, അതുകൊണ്ട് റാണയെ തെരഞ്ഞെടുക്കും എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ റാണാ ദഗ്ഗുബാട്ടിയുമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. കാന്താ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് സെല്‍വമണി സെല്‍വരാജാണ്.

റാണയുടെ സ്പിരിറ്റ് മീഡിയയും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കാന്താ നിര്‍മിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുക.

അതേസമയം ഓഗസ്റ്റ് 24നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

നെറ്റ്ഫ്ളികിസിന്റെ വെബ്ബ് സീരീസായ ഗണ്‍സ് ആന്‍ഡ് ഗുലാബ്സിലും ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 18 മുതല്‍ സ്ട്രീം ചെയ്തുതുടങ്ങും. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

Content Highlight: Dulquer Salmaan’s reply for the question regarding Thalapathy movie