| Sunday, 14th May 2023, 12:39 pm

ഇവിടം കൊണ്ടും തീരില്ല; വരാനിരിക്കുന്നത് ഹൈ ലെവല്‍ ലൈനപ്പ്; ബ്രാന്‍ഡ് ഡി.ക്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന് ശേഷം കരിയറില്‍ കുത്തനെ ഉയര്‍ച്ചയുണ്ടായ ഇന്ത്യയിലെ തന്നെ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പ് ദുല്‍ഖറിന്റെ കരിയറില്‍ മാത്രമല്ല അടഞ്ഞുകിടന്ന തിയേറ്ററുകളിലും പുത്തന്‍ ഉണര്‍വ് ഉണ്ടാക്കി. പിന്നാലെ വന്ന ഹേ സിനാമിക പാന്‍ ഇന്ത്യന്‍ ലെവല്‍ റിലീസുണ്ടായിട്ടും വലിയ ചലനമുണ്ടാക്കിയില്ല. എന്നാല്‍ ഒ.ടി.ടി റിലീസ് ചെയ്ത സല്യൂട്ട് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു.

തെലുങ്ക് ചിത്രം സീതാ രാമം ദുല്‍ഖറിന്റെ കരിയറിലെ ടേണിങ് പോയിന്റാണെന്ന് തന്നെ പറയാം. തെന്നിന്ത്യയിലാകെ താരത്തിന്റെ ഫാന്‍ബേസ് സീതാരാമം കുത്തനെ കൂട്ടി. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വന്ന ഹിന്ദി ചിത്രം ചുപ്പിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും ഏറെ നിരൂപക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ദാദാ സാഹേബ് ഫാല്‍കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വില്ലനുള്ള പുരസ്‌കാരവും ദുല്‍ഖറിന് ലഭിച്ചു.

ഇനി വരാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങളുടെ ലൈനപ്പ് ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്നതാണ്. 2023ല്‍ ഏറ്റവും ഹൈപ്പുയര്‍ത്തുന്ന ചിത്രങ്ങളിലൊന്നാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. പാന്‍ ഇന്ത്യന്‍ റിലീസായി ഓണത്തിനാണ് കോക്ക് റിലീസ് ചെയ്യുന്നത്.

നഷ്ടത്തില്‍ കിടന്ന തിയേറ്ററുകളില്‍ 2018 ആളെ നിറച്ചെങ്കിലും കൊത്തയും മലൈകോട്ടൈ വാലിബനും കൂടി വന്നാല്‍ മാത്രമേ തിയേറ്ററുകള്‍ രക്ഷപെടൂ എന്ന് ഉടമകള്‍ പറയണമെങ്കില്‍ മനസിലാക്കിക്കൊള്ളൂ ദുല്‍ഖര്‍ ചിത്രത്തിന്റെ റേഞ്ച്.

അടുത്തിടെ ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍, അജഗജാന്തരം എന്നിങ്ങനെയുള്ള സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ടിനുവിനൊപ്പം ദുല്‍ഖര്‍ എത്തുന്ന വാര്‍ത്ത ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഇന്നിതാ അതിന്റെ തുടര്‍ച്ചയായി വെങ്കി അറ്റ്‌ലൂരിക്കൊപ്പമുള്ള ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമായി വാത്തി, ജെഴ്സി, ഭീംല നായക് എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച സിത്താര എന്റര്‍ടെയ്ന്‍മെന്റ്സാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്.

ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ ഷൂട്ട് തുടങ്ങും. 2024ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. തെന്നിന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് താരമായ ദുല്‍ഖര്‍ സല്‍മാനും സൂപ്പര്‍ സംവിധായകനും പ്രൊഡക്ഷന്‍ ഭീമനും ഒന്നിക്കുമ്പോള്‍ ഒരു മാസ് എന്റര്‍ടെയ്നറില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല.

താരത്തിന്റെ ഹൈ ലെവല്‍ ലൈനപ്പ് കാണുമ്പോള്‍ തന്നെ ഉറപ്പിക്കാം ഇത് ഇവിടം കൊണ്ടൊന്നും തീരാന്‍ പോകുന്നില്ല.

Content Highlight: dulquer salmaan’s promising line up

We use cookies to give you the best possible experience. Learn more