Advertisement
Entertainment
കളം മാറ്റി ചവിട്ടാന്‍ കല്‍പ്പിച്ചിറങ്ങിയ ദുല്‍ഖര്‍; മരണമാസ് ഫസ്റ്റ് ലുക്കുമായി കിങ് ഓഫ് കൊത്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 01, 12:58 pm
Saturday, 1st October 2022, 6:28 pm

റൊമാന്റിക് ഹീറോ, ചോക്ലേറ്റ് നായകന്‍ പട്ടങ്ങളില്‍ നിന്നും വഴിമാറി നടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താനെന്ന് ദുല്‍ഖര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ വാക്കുകള്‍ ശരിവെക്കുന്ന ഒരു ഫസ്റ്റ് ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ദുല്‍ഖറിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ കിങ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്കില്‍ കട്ട റഫ് ആന്റ് ടഫ് ലുക്കിലാണ് ദുല്‍ഖര്‍ എത്തുന്നത്. വണ്ടിയില്‍ ബീഡി വലിച്ച് ആരെയോ ചൂഴ്ന്ന് നോക്കുന്ന ഭാവത്തിലാണ് ദുല്‍ഖര്‍ ഇരിക്കുന്നത്.

ദുല്‍ഖര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. KOK എന്ന ചുരുക്കപ്പേരും പോസ്റ്ററിലുണ്ട്. ഹേയ് സിനാമിക, സീതാ രാമം, ചുപ് എന്നീ മറ്റു ഭാഷ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

‘വീട്ടിലേക്ക് തിരിച്ചുവരും പോലെ തന്നെയാണ് ഈ സിനിമ. ഒരു ഇടവേളക്ക് ശേഷമാണ് ഞാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഫ്രണ്ട് എന്ന് ഞാന്‍ ആദ്യമായി വിളിച്ച് അഭിലാഷ് ജോഷിക്കൊപ്പം ഞാന്‍ കൈകോര്‍ക്കുകയാണ്. ഇത് അവന്റെ ആദ്യ സിനിമയാണെങ്കിലും വലിയ അനുഭവസമ്പത്തുമായാണ് അവന്‍ എത്തുന്നത്.

സീ സ്റ്റുഡിയോസ് മലയാളം സിനിമയിലേക്ക് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. നരേറ്റീവില്‍ നിന്നും അല്‍പം പോലും വ്യതിചലിക്കാതെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാനുള്ള പരിശ്രമമാണ് ഈ സിനിമ,’ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ട് സെപ്റ്റംബര്‍ 26ന് ആരംഭിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. നടന്റെ മാസ് ആക്ഷന്‍ ചിത്രമായിരിക്കും കിങ് ഓഫ് കൊത്ത എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Content Highlight: Dulquer Salmaan’s new movie King of Kotha first look released