| Saturday, 17th September 2022, 8:29 pm

പ്രൊമോഷന് വേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ദുല്‍ഖറും കൂട്ടരും; ഇതിപ്പോ ലാഭായല്ലോ എന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രൊമോഷന് വേണ്ടി പുതുമയുള്ള വഴികള്‍ തേടുന്നതിന്റെ തിരക്കിലാണ് സിനിമാലോകം. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വമ്പന്‍ ഇവന്റുകള്‍, നടീനടന്മാരുടെ അഭിമുഖങ്ങള്‍, മീറ്റ് ദി സ്റ്റാറും മീറ്റ് ദി ഫാന്‍സും… അങ്ങനെ അനവധി നിരവധി പരിപാടികള്‍.

എന്നാല്‍ ദുല്‍ഖല്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രമായ ചുപ് പ്രൊമോഷന്റെ ഭാഗമായി തികച്ചും വേറിട്ട ഒരു വഴി തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വഴി സിനിമാപ്രേമികള്‍ക്കും ദുല്‍ഖര്‍ ആരാധകര്‍ക്കും സുവര്‍ണാവസരവുമായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.

സിനിമകളുടെ റിലീസിന് മുന്‍പ് പ്രിവ്യു ഷോകള്‍ നടക്കാറുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരെയും നിരൂപകരെയുമാണ് സാധാരണ ഈ ഷോകളിലേക്ക് ക്ഷണിക്കാറുള്ളത്. എന്നാല്‍ ഈ രീതിക്കാണ് ചുപ് മാറ്റം കുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സാധാരണ പ്രേക്ഷകര്‍ക്ക് വേണ്ടി സൗജന്യമായി പ്രിവ്യു ഷോ നടത്താനാണ് ചുപ് ടീമിന്റെ തീരുമാനം. സംവിധായകന്‍ ആര്‍. ബാല്‍കിയാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരു വീഡിയോയിലൂടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്.

‘വളരെ സ്‌പെഷ്യലായ ഒരു പ്രിവ്യുവിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുകയാണ്. റിലീസിന് മൂന്ന് ദിവസം മുന്‍പ് സെപ്റ്റംബര്‍ 20ന് ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ ചുപ്പിന്റെ പ്രിവ്യു ഷോ ഞങ്ങള്‍ നടത്തുന്നുണ്ട്. ഇതൊരു ഫ്രീ പ്രിവ്യു ആയിരിക്കും. നിങ്ങള്‍ക്ക് സൗജന്യമായി ചുപ് കാണാം.

പ്രേക്ഷകര്‍ക്ക് മുന്‍പ് സിനിമാ പ്രവര്‍ത്തകരും നിരൂപകരുമാണ് സിനിമ കാണാറുള്ളത്. അതാണ് പരമ്പരാഗത രീതി. എന്നാല്‍ ചരിത്രത്തിലാദ്യമായി സിനിമ കാണാനുള്ള ആദ്യ അവസരം ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയാണ്. മറ്റാരെക്കാളും മുന്‍പ് സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും.

മറ്റാരുടെ അഭിപ്രായത്തേക്കാള്‍ മുന്‍പ് പ്രേക്ഷകരുടെ അഭിപ്രായമാണ് അറിയേണ്ടതെന്നും ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് ബുക്ക് മൈ ഷോയില്‍ ചെന്ന് എത്രയും വേഗം സീറ്റ് ബുക്ക് ചെയ്യൂ. എന്നിട്ട് നിങ്ങള്‍ പറയു, ചുപ് എങ്ങനെയുണ്ടെന്ന്. അതറിയാനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ ബാല്‍ക്കിയുടെ വീഡിയോയില്‍ പറയുന്നു.

‘പീപ്പിള്‍ റിവ്യു ഫസ്റ്റ്’ എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിവ്യു ഷോ നടക്കുന്ന സ്ഥലങ്ങളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചിട്ടുണ്ട്.

ചുപ്പിന്റെ പുതിയ പ്രൊമോഷന്‍ രീതിയെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ‘ഇതിപ്പോ ലാഭായല്ലോ’ എന്നാണ് പലരുടേയും പ്രതികരണം. റിലീസിന് മുന്‍പ് ഇങ്ങനെ ഒരു ഷോ നടത്തണമെങ്കില്‍ ചില്ലറ ധൈര്യമൊന്നും പോരല്ലോയെന്നും ചില കമന്റുകളുണ്ട്.

സെപ്റ്റംബര്‍ 23നാണ് ചുപ് റിലീസ് ചെയ്യുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുങ്ങുന്നത്. ദുല്‍ഖറിനൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Dulquer Salmaan’s new movie Chup arranges free preview show

We use cookies to give you the best possible experience. Learn more