ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്‌കര്‍. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷയായിരുന്നു ലക്കി ഭാസ്‌കറില്‍ ആരധകര്‍ പുലര്‍ത്തിയത്. ദീപാവലി റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളുമായി മൂന്നാം വാരത്തിലും മുന്നേറുകയാണ്.
ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രമാണ് ലക്കി ഭാസകര്‍ .മുമ്പ് രണ്ട് തവണ 100 കോടിയുടെ തൊട്ടടുത്ത് വരെ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ എത്തിയിരുന്നു. 2021ല്‍ റിലീസായ കുറുപ്പ് 88 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
ഹനു രാഘവപുടി സംവിധാനം ചെയ്ത് 2022ല്‍ റിലീസയ സീതാരാമം ബോക്‌സ് ഓഫീസില്‍ 94 കോടി വരെ നേടിയിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി സീതാ രാമം മാറി. ഈ രണ്ട് സിനിമകളും തലനാരിഴക്കാണ് 100 കോടി നേട്ടം നഷ്ടമായത്. ലക്കി ഭാസ്‌കറിലൂടെ 100 കോടി നേടിയ ദുല്‍ഖര്‍ മറ്റൊരു വലിയ റെക്കോഡും കൂടിയാണ് നേടിയിരിക്കുന്നത്.
ഒരു മലയാളനടന്‍ അന്യഭാഷയില്‍ ലീഡ് റോള്‍ ചെയ്ത് നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ദുല്‍ഖര്‍ തന്റെ പേരിലാക്കിയത്. ഈ റെക്കോഡ് മലയാളത്തില്‍ മറ്റൊരു നടന്‍ തകര്‍ക്കു എന്നത് താരതമ്യേന അസാധ്യമാണ്. ലക്കി ഭാസ്‌കറിന്റെ വിജയത്തോടെ തെലുങ്കിലെ ടൈര്‍ 2 നടന്മാരില്‍ മുന്‍പന്തിയിലേക്ക് കുതിക്കാനും ദുല്‍ഖറിന് സാധിച്ചു. തെലുങ്കിലെ സീനിയര്‍ താരങ്ങളായ നാഗാര്‍ജുന, രവി തേജ എന്നിവര്‍ക്ക് പോലും ഇതുവരെ 100 കോടി നേടാന്‍ സാധിക്കാത്തിടത്താണ് ദുല്‍ഖറിന്റെ മാസ് എന്‍ട്രി.
1980-90 കാലഘട്ടത്തില്‍ മുംബൈയിലെ ഒരു ബാങ്ക് ജീവനക്കാരന്റെ കഥയാണ് ലക്കി ഭാസ്‌കര്‍ പറയുന്നത്. ഇന്ത്യയെ പിടിച്ചുകുലുക്കിയ ഹര്‍ഷദ് മെഹ്ത കേസുമായി ലക്കി ഭാസ്‌കറിന്റെ കഥക്ക് ബന്ധമുണ്ട്. ഓഹരിയിടപാടിലെ നൂലാമാലകള്‍ സാധാരണപ്രേക്ഷകന് എളുപ്പം പറഞ്ഞുകൊടുക്കാന്‍ സംവിധായകന് സാധിച്ചു എന്നതാണ് ലക്കി ഭാസ്‌കറിന്റെ പോസിറ്റീവ്.
ഭാസ്‌കര്‍ എന്ന കഥാപാത്രമായി മികച്ച പെര്‍ഫോമന്‍സാണ് ദുല്‍ഖര്‍ കാഴ്ചവെച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സായ് കുമാര്‍, രാംകി, സച്ചിന്‍ ഖേടേക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സിതാര എന്റര്‍ടൈന്മെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നാഗ വംശിയും സായ് സൗജന്യയുമാണ് ലക്കി ഭാസ്‌കര്‍ നിര്‍മിച്ചത്.
Content Highlight: Dulquer Salmaan’s Lucky Bhaskar entered into 100 crore club