'പുച്ഛമായി നോക്കി നിന്നവര്‍, പുറകില്‍ മാറിടും..' ടൈറ്റില്‍ ട്രാക്കുമായി ദുല്‍ഖര്‍ ചിത്രം
Entertainment
'പുച്ഛമായി നോക്കി നിന്നവര്‍, പുറകില്‍ മാറിടും..' ടൈറ്റില്‍ ട്രാക്കുമായി ദുല്‍ഖര്‍ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th July 2024, 2:36 pm

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘ലക്കി ഭാസ്‌കര്‍’. ഈ ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി. ‘ലക്കി ഭാസ്‌കര്‍ ടൈറ്റില്‍ ട്രാക്ക്’ എന്ന പേരില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്ത ഗാനം ഉഷ ഉതുപ്പാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. 1980കളിലെ ഇന്‍ഡി-റോക്കിനെ ഇന്നത്തെ തലമുറയുടെ താത്പര്യങ്ങളുമായ് സംയോജിപ്പിച്ച ഈ ഗാനത്തിന് നാഷണല്‍ അവാര്‍ഡ് വിന്നര്‍ ജി.വി. പ്രകാഷ് കുമാറാണ് സംഗീതം പകര്‍ന്നത്.

1980കളുടെ അവസാനത്തിലേക്കും 1990കളുടെ തുടക്കത്തിലേക്കും നമ്മെ തിരികെ കൊണ്ടുപോകുന്ന ഗാനം ആവേശം പകരുന്നതാണ്. ഭാസ്‌കര്‍ എന്ന സാധാരണക്കാരന്റെ അസാധാരണമായ കഥയാണ് ചിത്രം പറയുന്നത്. തെലുങ്കു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബര്‍ ഏഴിന് തീയേറ്ററുകളിലെത്തും. സിതാര എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംസിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്ന ‘ലക്കി ഭാസ്‌കര്‍’ന്റെ തിരക്കഥ തയ്യാറാക്കിയത് ബ്ലോക്ബസ്റ്റര്‍ എഴുത്തുകാരനും സംവിധായകനുമായ വെങ്കി അറ്റ്ലൂരി തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന് ഒരു അവിസ്മരണീയ ചിത്രം നല്‍കാനുള്ള ആവേശത്തോടെ രചിച്ച ഈ ചിത്രത്തില്‍ 90കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്‌കരിക്കുന്നത്. ചിത്രത്തിനായ് 80കളിലെ മുംബൈയും പിന്നീട് ബോംബെയും പുനര്‍നിര്‍മിച്ചത് പ്രശസ്ത പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാനാണ്. അദ്ദേഹത്തിന്റെ ഈ മികച്ച സൃഷ്ടിക്ക് അവാര്‍ഡുകള്‍ ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഭാസ്‌കര്‍ എന്ന കഥാപാത്രമായ് ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സുമതി എന്നാണ് മീനാക്ഷിയുടെ കഥാപാത്രത്തിന്റെ പേര്. ‘തോളി പ്രേമ’, ‘വാത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലക്കി ഭാസ്‌കര്‍’. ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷന്‍ ഡിസൈന്‍: ബംഗ്ലാന്‍, ചിത്രസംയോജനം: നവിന്‍ നൂലി, പി.ആര്‍.ഒ: ശബരി.

Content Highlight: Dulquer Salmaan’s Lucky Baskhar Movie Title Track Out