|

ഒരു ഡയലോഗ് പോലുമില്ലാതെ മാസ് കാണിച്ച ശിവ; ചര്‍ച്ചയായി സോളോയിലെ ഗ്യാങ്‌സ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോ. ചിത്രത്തിലെ ശിവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. വമ്പന്‍ ഹൈപ്പില്‍ വന്ന കിങ് ഓഫ് കൊത്ത പ്രതീക്ഷിച്ച മാസ് തരാതായതോടെയാണ് സോളോയും ശിവയും ചര്‍ച്ചയിലേക്ക് ഉയര്‍ന്നത്.

2007 ബിജോയ് നമ്പ്യാരുടെ സംവിധാനത്തില്‍ പുറത്ത് വന്ന ആന്തോളജി ചിത്രത്തില്‍ വേള്‍ഡ് ഓഫ് ശിവ, ത്രിലോക്, ശിവ, ശേഖര്‍, രുദ്ര എന്നിങ്ങനെ നാല് ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അമ്മ ഉപേക്ഷിച്ച് പോയ ശിവ എന്ന കുട്ടി പിന്നീട് ഒരു ഗ്യാങ്സ്റ്ററായി വളരുന്നതാണ് ശിവ എന്ന ഭാഗത്തില്‍ കാണിച്ചത്.

വളരെ റിയലിസ്റ്റിക്കായി പറഞ്ഞുപോകുന്ന ഈ ഗാങ്സ്റ്റര്‍ സ്റ്റോറി, അപ്രതീക്ഷിത വഴിത്തിരിവുകളും കിടിലന്‍ ഫ്രെയിമുകളുമടങ്ങിയ ഒരു ത്രില്ലറായിരുന്നു.

ശിവയില്‍ ദുല്‍ഖറിന് ഡയലോഗ് ഇല്ലായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സോളോ വിമര്‍ശനം നേരിട്ടിരിന്നുവെങ്കിലും ശിവ എന്ന ഭാഗത്തിന് മികച്ച അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ ദുല്‍ഖര്‍ മാസ് കാണിച്ച ചിത്രമെന്നാണ് ശിവയെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചത്. തൈക്കുടം ബ്രിഡ്ജിന്റെ പാട്ടിനൊപ്പമുള്ള ദുല്‍ഖറിന്റെ മാസ് രംഗങ്ങള്‍ കൊണ്ടാടുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

അതേസമയം ഓഗസ്റ്റ് 24ന് റിലീസ് ചെയ്ത കിങ് ഓഫ് കൊത്തക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയും സംഗീതവും പ്രകടനങ്ങളും മികച്ച് നിന്നപ്പോള്‍ തിരക്കഥയില്‍ ചിത്രത്തിന് പാളിച്ച സംഭവിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മാസ് രംഗങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ഒരു ഫീല്‍ നല്‍കാനായില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ കിങ് ഓഫ് കൊത്ത മലയാളത്തില്‍ നിന്നുമെത്തിയ മികച്ച മാസ് ആക്ഷന്‍ ചിത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിച്ചിരിക്കുന്നത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Dulquer Salmaan’s film Solo has become a discussion on social media