ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ അഡ്വാന്‍സ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന് അകത്തും പുറത്തും വിദേശത്തും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 30 വൈകുന്നേരം ആറ് മണി മുതല്‍ നൂറിലധികം പ്രീമിയര്‍ ഷോകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ യു.എസ്.എ പ്രീമിയര്‍ ഷോകള്‍ക്കും മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. ഒക്ടോബര്‍ 31ന് ദീപാവലിക്കാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ ഒരു കോടി രൂപയ്ക്കു മുകളില്‍ പ്രീ സെയില്‍സ് പ്രതീക്ഷിക്കുന്ന ചിത്രം ഓള്‍ ഇന്ത്യ തലത്തിലും വമ്പന്‍ ഓപ്പണിങ് ആണ് ലക്ഷ്യം വെക്കുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേ ടിഎം, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ ഇതിനോടകം ആയിരക്കണക്കിന് ടിക്കറ്റാണ് വിറ്റഴിഞ്ഞത്.
പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് സ്വന്തമാകുമെന്നാണ് കരുതുന്നത്.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റിംഗ്- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍- ബംഗ്‌ളാന്‍, പി.ആര്‍.ഒ- ശബരി.