|

24ാം തീയതി കറങ്ങി നടക്കാതെ തിയേറ്ററില്‍ പോയി സിനിമ കാണണം: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത. ആക്ഷനും, ഫൈറ്റും, റൊമാന്‍സും, ഇമോഷനുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് കൊമേഴ്ഷ്യല്‍ പാക്കേജില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ കിങ് ഓഫ് കൊത്തയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. അത്രയും ഹൈപ്പാണ് ചിത്രം കേരളത്തിന് പുറത്തേക്കും ഉണ്ടാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഇന്ന് ഹൈദരബാദില്‍ നടന്നിരുന്നു. ഇവിടെ നിന്നുമുള്ള ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

‘എല്ലാ നാട്ടുകാര്‍ക്കും ഒരുപാട് സ്‌നേഹം, ഇഷ്ടം. 24ാം തീയതി കറങ്ങി നടക്കാതെ തിയേറ്ററില്‍ പോയി സിനിമ കാണണം, പ്ലീസ്,’ എന്നാണ് ഓഡിയന്‍സിനോട് ദുല്‍ഖര്‍ പറയുന്നത്. ഹര്‍ഷാരവങ്ങളോടെയാണ് ദുല്‍ഖറിന്റെ വാക്കുകള്‍ വേദി സ്വീകരിച്ചത്.

തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുബാട്ടി, നാനി എന്നിവരാണ് ചടങ്ങില്‍ മുഖ്യാതിഥികളായത്. ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, അനിഖ എന്നിവരും പരിപാടിക്കെത്തിയിരുന്നു.

പരിപാടിയില്‍ വെച്ച് ദുല്‍ഖറിനെ പറ്റിയുള്ള നാനിയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. കൂട്ടത്തില്‍ പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഡി.ക്യുവിനെയാണെന്നാണ് നാനി പറഞ്ഞത്.

ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Dulquer Salmaan requesting fans to watch king of kotha