| Friday, 21st January 2022, 12:43 pm

ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി വെബ് സീരിസ് വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദി വെബ്‌സീരിസിലേക്ക് ചുവട് വെക്കാന്‍ ഒരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരായ രാജ്-ഡി.കെ ഒരുക്കുന്ന സീരിസിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്.

വെബ്‌സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക. രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പം സീരിസില് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ചിത്രീകരണം ആരംഭിച്ചെങ്കിലും ദുല്‍ഖര്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. നിലവില്‍ കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിലിരിക്കുന്ന ദുല്‍ഖര്‍ കൊവിഡ് ഭേദമായതിന് ശേഷം ഷൂട്ടിംഗിനെത്തും.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാരവാന്‍, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.

കഴിഞ്ഞ ദിവസമാണ് ദുല്‍ഖറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് ബാധിച്ച കാര്യം അറിയിച്ചത്. നേരിയ പനിയുള്ളതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ദുല്‍ഖര്‍ അറിയിച്ചു.

മമ്മൂട്ടിക്കും കൊവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

കുറുപ്പാണ് അവസാനമായി പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. ജനുവരി 14 ന് റിലീസ് ചെയ്യാനിരുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dulquer-salmaan-rajkummar-rao-adarsh-gourav-collaborate-raj-dks-netflix-series

We use cookies to give you the best possible experience. Learn more