അമിതാഭ് ബച്ചനൊപ്പം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പ്രഭാസ് അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പ്രോജക്ട് കെ. 500 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം നിലവില്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ ദുല്‍ഖര്‍ സല്‍മാനും അമിതാഭ് ബച്ചനും, തെലുങ്ക് സൂപ്പര്‍ താരങ്ങളായ നാനിയും, പ്രഭാസും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിത്രത്തില്‍ കെ.ജി.എഫ് സംവിധായകന്‍ പ്രശാന്ത് നീലിനെയും കാണാന്‍ കഴിയും. നിലവില്‍ പ്രഭാസ് പ്രോജക്ട് കെ ക്കൊപ്പം തന്നെ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിലും അഭിനയിക്കുന്നുണ്ട്. പ്രോജക്ട് കെ നിര്‍മിക്കുന്ന വൈജയന്തി മൂവീസാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സീതാരാമം നിര്‍മിക്കുന്നത്.
അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം ഓഗസ്റ്റ് 5നാണ് തിയേറ്ററുകളില്‍ എത്തുക. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാള്‍ താക്കറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. രശ്മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീതയായി മൃണാളെത്തുമ്പോള്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. പി.എസ്. വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് പ്രധാന ലൊക്കേഷന്‍. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പി.ആര്‍.ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയ പി.ആര്‍. പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്ണര്‍ സില്ലിം മോങ്ക്സ് എന്നിവരാണ്.
Content Highlight : Dulquer Salmaan picture with Amitabh Bachchan, Prashanth Neel, Nani and prabhas goes viral