| Wednesday, 23rd August 2023, 4:52 pm

എന്തിനാണ് ഇത്രയും പരസ്യങ്ങളില്‍ അഭിനയിച്ചത്; കിങ് ഓഫ് കൊത്തയുടെ ബഡ്ജറ്റിനെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ പരസ്യചിത്രങ്ങളിലാണ് അഭിനയിക്കുന്നത് എന്നാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നതെന്നും പോയി സിനിമയില്‍ അഭിനയിച്ചൂടെയെന്ന് തന്നോട് ചോദിച്ചവരുണ്ടെന്നും പറയുകയാണ് നടന്‍ ദുല്‍ഖര്‍. ഇത്രയും പരസ്യചിത്രങ്ങളില്‍ അഭിനയിച്ചതിന് പിന്നില്‍ ചില കാരണങ്ങളുണ്ടെന്നാണ് തമാശരൂപേണ താരം പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചൊക്കെ താരം പരോക്ഷമായി സംസാരിച്ചത്.

വേഫെറെറിന്റെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്തയെന്നും മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് അത്രയും വലിയ സ്‌കേലില്‍ ഒരുങ്ങിയിട്ടുള്ള പടമാണ് ഇതെന്നും നടി ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മലയാളത്തില്‍ ഇതുവരെ ചെയ്തിട്ടുള്ളതെങ്കില്‍ ഏറ്റവും കൂടുതല്‍ കാശിറക്കിയ പടം കൂടിയാണ് ഇതെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ഇതോടെ കാശിന്റെ കാര്യമൊക്കെ ദുല്‍ഖറിന് കൃത്യമായി അറിയാമായിരിക്കുമല്ലോയെന്നും കാശ് ഇറക്കിയതിന്റേയും കൊടുത്തതിന്റേയും കൃത്യം കണക്ക് ദുല്‍ഖറിന്റെ അടുത്ത് ഉണ്ടല്ലോ എന്നും അവതാരകര്‍ ചോദിച്ചപ്പോഴായിരുന്നു മറുപടിയുമായി താരം എത്തിയത്.

‘ എനിക്കിപ്പോള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്ന കമന്റ് എന്ന് പറയുന്നത്, ഇക്ക ഇപ്പോള്‍ എല്ലാ പരസ്യത്തിലും അഭിനയിക്കുന്നുണ്ടല്ലോ. ഏത് ചാനലെടുത്താലും അവിടെ  കാണും. പരസ്യം ചെയ്യാന്‍ മാത്രമേ സമയമുള്ളോ, സിനിമയില്‍ അഭിനയിച്ചൂടെ എന്നാണ്’. അതിനുള്ള മറുപടിയാണ് കിങ് ഓഫ് കൊത്ത എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു താരം. ദുല്‍ഖറിന്റെ മറുപടി കേട്ട് ക്രൂ മൊത്തം പൊട്ടിച്ചിരിക്കുന്നുണ്ട്.

കിങ് ഓഫ് കൊത്ത ഒരു ചെറിയ ശ്രമമാണെന്നും പ്രേക്ഷകരുടെ പിന്തുണ വേണമെന്നും ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം തമാശ രൂപേണ പറഞ്ഞിരുന്നു.

ഐശ്വര്യയും ഗോകുലും വലിയ പടത്തില്‍ ചെറിയ വേഷം കിട്ടിയെന്നാണ് പറയുന്നത്, ഇതൊരു ചെറിയ ശ്രമമാണെന്ന് സംവിധായകന്‍ അഭിലാഷ് ജോഷി പറയുന്നു, അതുകൊണ്ട് എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും പ്ലീസ് എന്നുമായിരുന്നു ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തത്.

‘ഇതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ഐശ്വര്യ പറയുന്നു, ഒരു വലിയ സിനിമയില്‍ ചെറിയ വേഷം ചെയ്യാനായി എന്ന്, ഒരു വലിയ സിനിമയില്‍ ചെറിയ ഭാഗം കിട്ടിയെന്ന് ഗോകുലും പറയുന്നു.

ഇന്നലെ ഇതിന്റെ ഡയറക്ടര്‍ അഭിലാഷ് പറഞ്ഞത്, ഇതൊരു ചെറിയ അറ്റംപ്റ്റ് ആണെന്ന്, അപ്പോള്‍ ഞങ്ങളുടെ ഒരു ചെറിയ അറ്റംപ്റ്റ് ആണിത്, എല്ലാവര്‍ക്കും ചെറിയ ചെറിയ വേഷങ്ങളാണ്, എല്ലാവരും ഒന്ന് സപ്പോര്‍ട്ട് ചെയ്യണം പ്ലീസ് (ചിരിക്കുന്നു),’ ദുല്‍ഖര്‍ പറഞ്ഞു.

അഭിമുഖത്തില്‍ നിര്‍മാതാവിന്റെ റോളിനെ പറ്റിയും ദുല്‍ഖര്‍ സംസാരിച്ചിരുന്നു. ‘ചിലപ്പോഴൊക്കെ പ്രൊഡക്ഷന്‍ സൈഡില്‍ നിന്നുമുള്ള ഇഷ്യൂസ് കാരണം മേക്കിങ്ങിന് ഡിലേ വന്നിട്ടുണ്ടെന്നും റിലീസ് കറക്ട് സമയത്ത് ചെയ്യാന്‍ പറ്റില്ലെന്ന അവസ്ഥയുണ്ടായെന്നും അതുകൊണ്ടൊക്കെയാണ് താന്‍ ശരിക്കും പറഞ്ഞാല്‍ പ്രൊഡ്യൂസര്‍ ആയതെന്നുമായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍.

Content Highlight: Dulquer Salmaan on king of kotha movie Budget

Latest Stories

We use cookies to give you the best possible experience. Learn more