മലയാള പ്രേക്ഷകര്‍ക്ക് ആവേശം പകര്‍ന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. തന്റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകനെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ടിനു അറിയിച്ചത്. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
എല്‍.ജെ.പി- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ തിരക്കുകളിലാണ് നിലവില്‍ ടിനു പാപ്പച്ചന്‍. ഇത് പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ദുല്‍ഖര്‍ ചിത്രത്തിലേക്ക് കടക്കുക.
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചാവേറാണ് ടിനുവിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. ആന്റണി വര്‍ഗീസ് പെപ്പെയും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോയ് മാത്യുവിന്റേതാണ് ചിത്രത്തിന്റെ രചന. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ കിങ് ഓഫ് കൊത്തയുടെ ചിത്രീകരണത്തിലാണ്. അഭിലാഷ് ജോഷിയുടെ ആദ്യ സിനിമയായ കിങ് ഓഫ് കൊത്ത ഒരു ബിഗ് ബജറ്റ് പീരിയഡ് ചിത്രമാണ്. തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് 95 ദിവസത്തെ ചിത്രീകരണം നടന്നത്. ചിത്രം നിര്‍മിക്കുന്നത് വൈഫറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Content Highlight: Dulquer salmaan is the hero in Tinu Pappachan’s next film