| Monday, 6th November 2023, 2:39 pm

സുധ- സൂര്യ കോമ്പോക്ക് ശേഷം വീണ്ടുമൊരു വമ്പന്‍ പ്രൊജക്ട്; മണിരത്നം ചിത്രത്തിലേക്ക് ദുല്‍ഖറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലേക്ക് ദുല്‍ഖര്‍ സല്‍മാനും എത്തുന്നു. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപനം വന്നിരിക്കുകയാണ്.

മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ ഹാസനെ നായകനാക്കി മണിരത്നം ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. 1987-ല്‍ മണിരത്നം സംവിധാനം ചെയ്ത നായകനാണ് ഇതിന് മുന്‍പ് മണിരത്നും കമല്‍ ഹാസനും ഒന്നിച്ച ചിത്രം.

ചിത്രത്തില്‍ തൃഷ, ജയം രവി തുടങ്ങിയവരും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്നം, ജി. മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെ.എച്ച്. 234 നിര്‍മിക്കുന്നത്.

നേരത്തെ സൂര്യയും സുധ കൊങ്കാരയും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും അഭിനയിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ദുല്‍ഖറിനൊപ്പം സല്‍മാനും നസ്രിയയും വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ.ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പുറനാനൂറ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

സൂര്യയുടെ 43ാമത് ചിത്രമാണ് ഇത്.സൂര്യയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ, ജ്യോതിക, രാജ്ശേഖര്‍ കര്‍പൂരസുന്ദരപാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ, വെങ്കി അറ്റ്‌ലൂരിയുടെ ലക്കി ഭാസ്‌കര്‍ എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് പ്രൊജക്ടുകള്‍.

Content Highlight: Dulquer Salmaan is coming to the film KH 234

We use cookies to give you the best possible experience. Learn more