| Sunday, 20th August 2023, 7:24 pm

'തൃപ്പൂണിത്തുറ മുതല്‍ അമേരിക്ക വരെ'; ദുല്‍ഖര്‍ സല്‍മാന്‍ തുറക്കുന്ന പുത്തന്‍ വാതിലുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സന്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

മുമ്പ് എങ്ങും മലയാള സിനിമ കാണാത്ത തരത്തിലുള്ള പ്രൊമോഷനാണ് സിനിമക്കായി നടക്കുന്നത്. ഇന്ന് തൃപ്പൂണിത്തുറയില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന അത്തം ഘോഷയാത്രയില്‍ കിങ് ഓഫ് കൊത്തയുടെ നിശ്ചല ദൃശ്യം ഉണ്ടായിരുന്നു.

ഇതിനൊപ്പം തന്നെ അമേരിക്കയിലെ ന്യൂ യോര്‍ക്ക് സിറ്റിയില്‍ തിരക്കേറിയ ടൈം സ്‌ക്വയറിലും ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നു. മുമ്പ് അവിടെ പ്രൊമോഷന്‍ ചെയ്ത ചിത്രം രജിനിയുടെ ജയിലറായിരുന്നു.

വളരേ ചെറിയ ഒരു സിനിമ വ്യവസായമായ മലയാളത്തിന് ഇത്തരത്തിലുള്ള പ്രൊമോഷനുകള്‍ ഒക്കെ പുതുമയുള്ള കാര്യമാണ്. മുമ്പ് ആരും പരീക്ഷിക്കാത്ത പ്രൊമോഷന്‍ രീതികള്‍ കൊണ്ട് വരുന്നതില്‍ വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിന് ലഭിക്കുന്നത്.


ഇതിന് മുമ്പ് റിലീസ് ചെയ്ത ദുല്‍ഖറിന്റെ മലയാള ചിത്രം കുറുപ്പിനും വ്യത്യസ്തമായ പ്രമോഷനുകള്‍ അദ്ദേഹം നല്‍കിയിരുന്നു. അന്നും ഇത്തരത്തില്‍ ദുല്‍ഖര്‍ എന്ന നടനിലുപരി നിര്‍മാതാവിന് വലിയ കയ്യടികളും ലഭിച്ചിരുന്നു.

ഇതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല കിങ് ഓഫ് കൊത്തയുടെ പ്രൊമോഷനുകള്‍. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പ്രീ റിലീസ് ഇവന്റുകള്‍ നടന്നിരുന്നു. ഹൈദരാബാദ്, ചെന്നൈ എന്നിവടങ്ങളില്‍ നടന്ന പ്രൊമോഷന്‍ പരിപാടികള്‍ വലിയ ശ്രദ്ധയും നേടിയിരുന്നു.

ഇതിനോടപ്പം തന്നെ തെക്കേ ഇന്ത്യയില്‍ ട്രെയിനുകളിലും ഓട്ടോകളിലും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളിലും പ്രൊമോഷന്‍ കാര്യമായി തന്നെ നടക്കുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ എന്ന വാക്കിനോട് തീര്‍ത്തും നീതി പുലര്‍ത്തുന്ന പ്രമോഷന്‍ പരിപാടികള്‍ അസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ദുല്‍ഖര്‍ സല്‍മാന് സാധിക്കുന്നുവന്നത് മലയാള സിനിമക്ക് തന്നെ വലിയ ഗുണം ഉണ്ടാക്കുന്ന കാര്യമാണ്.

സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍നിന്ന് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി. ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Dulquer Salmaan indroducing new promotion methods to malayalam cinema industry

We use cookies to give you the best possible experience. Learn more