മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം മലയാളസിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വെറും 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളത്തില്‍ ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്. താരത്തിന്റെ പല സിനിമകളും കേരള ബോക്‌സ് ഓഫീസില്‍ ഇടുന്ന ഫസ്റ്റ് ഡേ കളക്ഷന്‍ പല യുവനടന്മാര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി താരത്തിന്റേതായി ഒരു സിനിമയും പുറത്തിറങ്ങിയിട്ടില്ല. കിങ് ഓഫ് കൊത്തക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ഒരു വര്‍ഷത്തോളം ഗ്യാപ്പ് എടുക്കാനുള്ള കാരണത്തെപ്പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ ചില ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നെന്നും ഒന്നുരണ്ട് സിനിമകള്‍ അതിനാല്‍ ചെയ്യാന്‍ പറ്റാതെ പോയെന്നും ദുല്‍ഖര്‍ പറഞ്ഞു.
മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ ഡിലേ ആയെന്നും ഷൂട്ട് തുടങ്ങിയതുകൊണ്ട് ലക്കി ഭാസ്‌കര്‍ ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ചെയ്തുതീര്‍ത്തെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്‌കര്‍ ഇത്രയും വൈകാന്‍ കാരണം തന്റെ ആരോഗ്യപ്രശ്‌നങ്ങളാണെന്നും ഇനിയങ്ങോട്ട് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
കാന്താ എന്ന തമിഴ് ചിത്രമാണ് ചെയ്യുന്നതെന്നും അതിന് ശേഷം മറ്റൊരു തെലുങ്ക് ചിത്രം കൂടി ചെയ്യുമെന്നും പിന്നീട് മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ടി.വി. എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘സിനിമയിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഒരു വര്‍ഷത്തോളം ഗ്യാപ് എടുക്കുന്നത്. സത്യം പറഞ്ഞാല്‍ വേണമെന്ന് വെച്ചിട്ടല്ല ഈ ഗ്യാപ് എടുത്തത്. ചില ഹെല്‍ത്ത് ഇഷ്യൂസ് കാരണം കുറച്ചുകാലം വല്ലാതെ ബുദ്ധിമുട്ടി. അതിനാലാണ് വിട്ടുനില്‍ക്കേണ്ടി വന്നത്. ഇതിനിടയില്‍ ചില സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നു. മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകള്‍ ഡിലേ ആക്കേണ്ടി വന്നു.
അതിന് മുമ്പ് ഷൂട്ട് ആരംഭിച്ച സിനിമയാണ് ലക്കി ഭാസ്‌കര്‍. ഞാന്‍ കാരണം തുടങ്ങിവെച്ച ഒരു പ്രൊജക്ട് മുടങ്ങരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ഈ സിനിമ ചെയ്തുതീര്‍ത്തു. ഈ സിനിമ ഇത്രയും വൈകാന്‍ ഞാനാണ് പ്രധാന കാരണം. ഇപ്പോള്‍ എല്ലാം ശരിയായി. വീണ്ടു സിനിമയില്‍ സജീവമാവുകയാണ്. കാന്താ എന്ന തമിഴ് സിനിമയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് ശേഷം മറ്റൊരു തെലുങ്ക് സിനിമയും പിന്നീട് ഒരു മലയാളസിനിമയും ചെയ്യാനാണ് പ്ലാന്‍,’ ദുല്‍ഖര്‍ പറഞ്ഞു.
Content Highlight: Dulquer Salmaan explains why he took break from cinema