| Wednesday, 17th July 2024, 8:42 pm

മലയാളത്തില്‍ എന്നെ എപ്പോഴും ടാര്‍ഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ട്, എന്നാല്‍ തമിഴിലോ മറ്റ് ഭാഷയിലോ അങ്ങനെയില്ല: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആദ്യം പലരും പരിഹസിച്ചുവെങ്കിലും തന്റെ കഴിവും പരിശ്രമവും കൊണ്ട് മലയാളത്തിന് പുറത്തേക്ക് ദുല്‍ഖര്‍ വളര്‍ന്നു. 2015ല്‍ ചാര്‍ളി എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ സംസ്ഥാന അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു.

മലയാളത്തിന് പുറത്ത് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് സാധിച്ചു. മണിരത്‌നം സംവിധാനം ചെയ്ത ഓ.കെ കണ്മണിയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചു. താരത്തിന്റെ പഴയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലയാളത്തില്‍ താന്‍ ഏത് സിനിമ ചെയ്താലും മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് തനിക്ക് ചാര്‍ത്തി അറ്റാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഉണ്ടെന്നും മറ്റ് ഭാഷകളില്‍ അങ്ങനെ തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. തമിഴിലോ തെലുങ്കിലോ താന്‍ നല്ല സിനിമകള്‍ ചെയ്യുന്ന സമയത്തും ഈ പറയുന്നവര്‍ തന്നെ അറ്റാക്ക് ചെയ്യാറുണ്ടെന്നും സ്വന്തം നാട്ടുകാരനായിട്ടും അവര്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ആലോചിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നല്ല സ്‌നേഹം കിട്ടുന്നുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ചുപ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

‘കരിയറിന്റെ തുടക്കം മുതല്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് എന്നോടൊപ്പമുണ്ട്. അത് കളയാന്‍ പലതവണ ഞാന്‍ ശ്രമിച്ചിട്ടുള്ളതാണ്. പക്ഷേ മലയാളത്തില്‍ ഒരുകൂട്ടം ആളുകള്‍ എന്നെ ആ പേരില്‍ ടാര്‍ഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യാറുണ്ട്. തമിഴിലോ തെലുങ്കിലോ ഞാന്‍ ഏത് നല്ല സിനിമ ചെയ്താലും അതിലും അവര്‍ വന്ന് ഈ ടാഗ് ചേര്‍ത്ത് വെക്കും. സ്വന്തം നാട്ടുകാരനായിട്ടും എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

എന്നാല്‍ തമിഴിലായാലും തെലുങ്കിലായാലും ഹിന്ദിയിലായാലും എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നുവെച്ച് മലയാളത്തിലുള്ളവര്‍ മോശമാണെന്ന് ഞാന്‍ പറയുന്നില്ല. മറ്റ് നാട്ടിലുള്ളവരില്‍ നിന്ന് നമുക്ക് സ്‌നേഹം മാത്രം ലഭിക്കുമ്പോള്‍ അവിടെ തന്നെ നില്‍ക്കാന്‍ തോന്നാറുണ്ടല്ലോ. ഇതൊരു മോശം ശീലമാണെന്ന് എനിക്ക് നല്ലവണ്ണം അറിയാം. പക്ഷേ മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ആ ടാഗ് ആരും പ്രതിപാദിക്കാറില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer Salmaan explains why he concentrate more in other language movies

Latest Stories

We use cookies to give you the best possible experience. Learn more