മമ്മൂട്ടി-ജ്യോതിക ചിത്രം കാതല്‍ ദി കോറിന് അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്‌റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ദുല്‍ഖര്‍ ‘ഹൃദയം നിറഞ്ഞു’ എന്നാണ് കുറിച്ചത്.
നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഇന്ന് പങ്കുവെച്ചിരുന്നു.
‘മൈ ഗോട്ട് ഈസ് ഇന്‍ ടൗണ്‍. തിയേറ്ററില്‍ പോയി കാതല്‍ ദി കോറിന്റെ മാജിക് അനുഭവിച്ചറിയൂ. മിസ് ചെയ്യരുത്,’ എന്നാണ് ഫുട്‌ബോള്‍ താരം സി.കെ. വിനീത് എക്‌സില്‍ കുറിച്ചത്.
സിനിമാറ്റിക് എക്സ്പീരിയന്‍സിന്റെ അങ്ങേയറ്റമാണെന്നും അവസാനം വരെ പിടിച്ചിരുത്തിയ ജേര്‍ണിയാണ് കാതല്‍ ദി കോറെന്നുമാണ് സംവിധായകന്‍ നഹാസ് ഹിദായത്ത് പറഞ്ഞത്.
‘മമ്മൂക്ക അല്ലാതെ വേറെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഈ റിസ്‌ക് എടുക്കില്ല. അത് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ഇത് നിങ്ങള്‍ തിയേറ്ററില്‍ തന്നെ കണ്ട് എക്സ്പീരിയന്‍സ് ചെയ്യണം. അത്ര ഗംഭീരമായി മമ്മൂക്ക ചെയ്ത് വെച്ചിട്ടുണ്ട്. മിനുക്കിയെടുത്താല്‍ വീണ്ടും മിനുങ്ങും എന്ന് മമ്മൂക്ക പറയില്ലേ, വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രൗഡ് ഫാന്‍ ബോയ് മൊമെന്റാണ്. മമ്മൂക്കയുടെ ഫാന്‍ ബോയ് എന്ന നിലയില്‍ ഭയങ്കര സന്തോഷം. മമ്മൂക്ക നമ്മളെ എപ്പോഴും ഞെട്ടിക്കുന്ന ആക്ടറാണല്ലോ.
ഇങ്ങനെ ഒരു കണ്ടന്റ് ഇതിലുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു. ഇതെങ്ങനെ പ്രസന്റ് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്. ജിയോ ബേബി ചേട്ടന്‍ ഗംഭീരമായാണ് പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമാറ്റിക് എക്സ്പീരിയന്‍സിന്റെ എക്സ്ട്രീമാണ്. ആദ്യത്തെ അഞ്ച് മിനിട്ടില്‍ പടത്തില്‍ ലോക്കാവും അവിടുന്ന് അവസാനം വരെ പിടിച്ചിരുത്തിയ ജേര്‍ണിയാണ്. അഭിനയിച്ചിരിക്കുന്ന എല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ്. നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന പടമാണ്,’ നഹാസ് പറഞ്ഞു.
കാതല്‍ മികച്ച ഒരു സിനിമയാണെന്നും മമ്മൂക്ക ഞെട്ടിച്ചു കളഞ്ഞെന്നുമായിരുന്നു ബേസിലിന്റെ പ്രതികരണം. ‘നല്ല സിനിമയാണ്. മമ്മൂക്ക ഒരു രക്ഷയുമില്ല. ഞെട്ടിച്ചു കളഞ്ഞു. ഭയങ്കര റെലവന്റായിട്ടുള്ള സബ്ജക്ട് ആണ്. അത് വളരെ വൃത്തിയായി എടുത്തിട്ടുമുണ്ട്.
ഉഗ്രന്‍ സിനിമയെന്ന് തന്നെ പറയാം. ഭയങ്കര സീരിയസായിട്ടുള്ള, സെന്‍സിറ്റീവ് ആയ ഒരു സബ്ജക്ടിനെ വളരെ വൃത്തിയായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണും ആദര്‍ശും എല്ലാവരും കയ്യടി അര്‍ഹിക്കുന്നുണ്ട്.
മമ്മൂക്ക ഇങ്ങനെയൊരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് നമ്മള്‍ അംഗീകരിച്ചു കൊടുത്തേ പറ്റൂ. ഭയങ്കര ഭംഗിയായി അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്. സിനിമ കാണുമ്പോള്‍ നമ്മള്‍ ഇമോഷണലാകും. നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും, ബേസില്‍ പറഞ്ഞു.
അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍ താരത്തിനും ധൈര്യം ലഭിക്കില്ലെന്നും പ്രകടനത്തില്‍ വീണ്ടും വീണ്ടും ഞെട്ടിക്കാന്‍ ഇദ്ദേഹത്തിന് എങ്ങനെയാവുന്നുവെന്നുമാണ് ചിത്രം കണ്ടവര്‍ പറയുന്നത്.
വൈകാരികമായി പ്രേക്ഷകനെ ചിത്രം മറ്റൊരു തലത്തിലെത്തിക്കുമെന്നും ജ്യോതിക മുതല്‍ എല്ലാ കഥാപാത്രങ്ങളുടെയും മികച്ച പ്രകടനമാണ് ചിത്രത്തിലെന്നും അഭിപ്രായങ്ങളുണ്ട്.
Content Highlight: Dulquer Salmaan congratulates Mammootty-Jyotika film Kathal The Core