| Tuesday, 28th March 2023, 12:12 pm

ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ പേജിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരം; ദുല്‍ഖറിന് സ്വപ്‌ന സാക്ഷാത്കാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി.ബി.സി ടോപ് ഗിയര്‍ മാഗസീന്‍ കവര്‍ പേജിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍. ടോപ്പ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ എഡിഷന്റെ കവറിലാണ് ദുല്‍ഖറിന്റെ ചിത്രമെത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.

2023ലെ ബി.ബി.സി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് നേരത്തെ ദുല്‍ഖര്‍ സല്‍മാനായിരുന്നു സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടര്‍ പുരസ്‌കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്. ടോപ് ഗിയര്‍ മാഗസിന്റെ 40 പുരസ്‌കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്.

കിങ് ഓഫ് കൊത്തയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ദുല്‍ഖര്‍ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റര്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രനാണ് കിങ് ഓഫ് കൊത്തക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ബോളിവുഡ് ചിത്രം ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റാണ് ഒടുവിലെത്തിയ ദുല്‍ഖര്‍ ചിത്രം. ചുപ്പിലെ പ്രകടനത്തിന് ദാദ സാഹേബ് ഫാല്‍കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.

Content Highlight: Dulquer Salmaan appear on the cover page of BBC Top Gear magazine

Latest Stories

We use cookies to give you the best possible experience. Learn more