ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ദുല്‍ഖര്‍ സല്‍മാനും അുപര്‍ണ ബാലമുരളിയും. മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തു.
ഓണാഘോഷത്തിന് വേണ്ടി തിരുവനന്തപുരം ഒരുങ്ങിയിരിക്കുകയാണെന്നും സല്യൂട്ടിന്റെ ചിത്രീകരണം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് താന്‍ തിരുവനന്തപുരത്തെത്തിയതെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു.
ഒരുപാട് നാളുകള്‍ക്ക് ശേഷം ഇതുപോലൊരു വേദിയില്‍ മുണ്ടുടുത്ത് പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരുപാട് നാളുകള്‍ക്ക് ശേഷം ഇതുപോലെ ഒരു വേദിയില്‍ മുണ്ടുടുക്കാന്‍ ഒരു അവസരം കിട്ടി എനിക്ക്. കഴിഞ്ഞ മൂന്നാല് കൊല്ലങ്ങളായി നമ്മളിങ്ങനെ ആഘോഷിച്ചിട്ടില്ല, നമ്മളിങ്ങനെ ഒന്നുചേര്‍ന്നിട്ടില്ല.
പ്രളയത്തിനും കൊവിഡിനും ശേഷം ഇത്രയും വലിയ ഒരു ഒത്തുചേരല്‍. എല്ലാവരേയും കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,’ ദുല്‍ഖര്‍ പറയുന്നു.
ഓണം തനിക്കേറ്റവും ഇഷ്ടപ്പെട്ട ആഘോഷമാണെന്നും ദുല്‍ഖര്‍ ചടങ്ങില്‍ പറഞ്ഞു. ഇതുപോലെ ഒരു ചടങ്ങ് നടത്തിയ ടൂറിസം വകുപ്പിന് പ്രത്യേകം നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ‘ജോമോന്റെ സുവിശേഷം’ എന്ന സിനിമയിലെ ജോമോനെ പോലെ എല്ലാവരും സ്വയം നാടിന്റെ ബ്രാന്റ് അംബാസഡര്‍മാരാകണമെന്നായിരുന്നു സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്.
‘നമ്മുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷത്തിലെ ജോമോന്‍ എന്ന കഥാപാത്രത്തെ പോലെ നാട്ടിലേക്ക് സഞ്ചാരികള്‍ക്ക് കടന്നുവരുവാന്‍ സ്വയം നാടിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറാന്‍ തയ്യാറായവരെ അബിനന്ദിക്കുന്നു,’ എന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്.
ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയായിട്ടാണ് ടൂറിസം വകുപ്പ് ഓണാഘോഷ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.
ആഘോഷത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങലില്‍ പോസ്റ്റ് പങ്കുവെക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ടൂറിസം വകുപ്പിന്റെ ‘ഓണാഘോഷം 2022’ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആറ് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് വിവിധ ജില്ലകളിലായി നടത്താന്‍ തീരുമാനിച്ചത്. കൊവിഡിന് ശേഷമുള്ള ഈ ഓണക്കാലം ഭംഗിയായി ആഘോഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.