| Sunday, 11th September 2022, 12:00 pm

ഞാന്‍ വാപ്പച്ചിയെ പോലെയല്ല, സ്വഭാവത്തില്‍ ഒരു വ്യത്യാസമുണ്ട്; അതാകാം ഞാന്‍ സീതാ രാമം ചെയ്യാന്‍ കാരണവും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ടി.ടി റിലീസിന് പിന്നാലെ ഒരിക്കല്‍ കൂടി പ്രേക്ഷകമനം കവര്‍ന്ന് മുന്നേറുകയാണ് സീതാ രാമം. ദുല്‍ഖര്‍ സല്‍മാന്റെയും മൃണാള്‍ താക്കൂറിന്റെയും ഈ പീരിയഡ് ലവ് സ്റ്റോറി വലിയ കയ്യടിയാണ് നേടുന്നത്.

കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ സീതാ രാമം തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍. മമ്മൂട്ടിയുടെയും തന്റെയും സ്വഭാവത്തിലെ വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിനിമയുടെ സെലക്ഷനെ കുറിച്ച് ദുല്‍ഖര്‍ സംസാരിക്കുന്നത്.

സീതാ രാമത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള തന്റെയും വാപ്പച്ചിയുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. വീട്ടില്‍ മമ്മൂട്ടിയാണ് ശരിക്കും ചെറുപ്പക്കാരനെന്നും താന്‍ വെറും പഴഞ്ചനാണെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

‘എനിക്കറിയാവുന്ന എല്ലാവരേക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചിയെന്ന് ഞാന്‍ പറയും. കാരണം അദ്ദേഹത്തിന്റെ താല്‍പര്യങ്ങളിലും ചിന്തകളിലുമൊക്കെ ആ ചെറുപ്പമുണ്ട്. വാപ്പച്ചിക്ക് പുതിയ ടെക്നോളജികളും മോഡേണ്‍ ഉപകരണങ്ങളുമെല്ലാം വലിയ താല്‍പര്യമാണ്. ഞാനാണെങ്കില്‍ വിന്റേജ് ഐറ്റംസിന് പിന്നാലെ പോകുന്നയാളാണ്.

എനിക്ക് വായിക്കാനിഷ്ടമുള്ള സാഹിത്യകൃതികളും കാണാനിഷ്ടമുള്ള സിനിമകളുമൊക്കെ കുറച്ച് പഴയ കാലത്തേയാണ്. പീരിയഡ് ഡ്രാമ വരുന്ന തിരക്കഥകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതായിരിക്കും ഞാന്‍ സീതാ രാമം ചെയ്യാനും കാരണം,’ ദുല്‍ഖര്‍ പറയുന്നു.

മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളും ദുല്‍ഖര്‍ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ അഭിമുഖങ്ങളില്‍ ഒരു ചോദ്യമെങ്കിലും തന്നെ കുറിച്ചായിരിക്കുമെന്ന് മമ്മൂട്ടിക്ക് വ്യക്തമായി അറിയാമെന്ന് പറയുകയാണ് നടന്‍.

തന്റെ സിനിമകളെ കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായമെന്താണെന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടാകുന്നതുകൊണ്ട്, സിനിമ കണ്ടുകഴിഞ്ഞാലും വാപ്പ തന്നോടൊന്നും പറയാറില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സീതാരാമത്തെ കുറിച്ച് മമ്മൂട്ടിയെന്ത് പറഞ്ഞുവെന്ന ചോദ്യം ഹംഗാമ അവതാരകനും ചോദിച്ചിരുന്നു. ഇതിനായിരുന്നു ദുല്‍ഖറിന്റെ രസകരമായ മറുപടിയെത്തിയത്.


‘നിങ്ങളെ നിരാശപ്പടുത്തുന്നതില്‍ വിഷമമുണ്ട്. സോറി. പക്ഷെ വാപ്പച്ചി എന്നോട് ഒന്നും പറയാറില്ല എന്നതാണ് സത്യം. അഭിമുഖങ്ങളില്‍ എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹം ഇപ്പോള്‍ എന്നോട് ഒന്നും പറയാറേയില്ല. സീറോ ഇന്‍പുട്ട് എന്ന് തന്നെ പറയാം. ഞാന്‍ അഭിനയിച്ച പടങ്ങള്‍ കണ്ടാലും വാപ്പച്ചി ‘ഉംം’ എന്നൊക്കെ മൂളലേയുള്ളു.

കാര്യമായിട്ടൊന്നും സംസാരിക്കുന്നയാളല്ല അദ്ദേഹം. അതുകൊണ്ട് വാപ്പച്ചി ഇതാണ് പറഞ്ഞതെന്ന് പറഞ്ഞ് എനിക്കൊന്നും പറയാനാകില്ല. പക്ഷെ അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും വാപ്പച്ചി എന്റെ വര്‍ക്കില്‍ പ്രൗഡായി ഫീല്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം,’ ദുല്‍ഖര്‍ പറയുന്നു.

ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം ഓഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിന് സീതാ രാമത്തിന്റെ ഹിന്ദി വേര്‍ഷനും റിലീസ് ചെയ്തിരുന്നു.

ദുല്‍ഖര്‍- മൃണാള്‍ കോമ്പോയും ദുല്‍ഖറിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ വലിയ പോസിറ്റീവായി പ്രേക്ഷകര്‍ എടുത്തുപറയുന്നത്. ലഫ്. റാമിന്റെയും സീതയുടെയും പ്രണയകഥ പറയുന്ന സീതാ രാമത്തില്‍ നടി രശ്മിക മന്ദാനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുമന്ദ്, തരുണ്‍ ബാസ്‌കര്‍, ഭൂമിക, പ്രകാശ് രാജ്, ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dulquer Salmaan about why he chose to do Sita Ramam and the differences with Mammootty

We use cookies to give you the best possible experience. Learn more