| Wednesday, 10th November 2021, 12:42 pm

ഇവനെ കൊണ്ടാന്നും ഇത് പറ്റില്ല എന്നൊക്ക പറഞ്ഞ് ചുമ്മാ ചീത്തവിളിക്കുകയാണ്, ഞാനാണെങ്കില്‍ ആകെ വിയത്തുകുളിച്ച് ഇരിക്കുന്നു; സെക്കന്റ് ഷോ ഷൂട്ടിംഗ് അനുഭവം പറഞ്ഞ് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖറിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്റ് ഷോ. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ദുല്‍ഖര്‍. ഒരു സീന്‍ ശ്രീനാഥ് മനപൂര്‍വം തന്നെ കൊണ്ട് വീണ്ടും വീണ്ടും ചെയ്യിച്ചതിനെ കുറിച്ചും ഷൂട്ട് കണ്ടുനില്‍ക്കുന്ന ആളുകളില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചുമാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നത്.

‘ കോഴിക്കോട് ഭാഗത്താണ് ഷൂട്ട്. ഒരു ചായക്കടയിലോ മറ്റോ ഇരുന്നുള്ള സീനാണ്. ഒരു ഫോണ്‍ കട്ടോ മറ്റോ ആണ് എടുക്കുന്നത്. ഭയങ്കര ക്രൗഡുണ്ട്. ഞാന്‍ ആരാണെന്നൊന്നും അവര്‍ക്ക് അറിയില്ല. പക്ഷേ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്നതു കൊണ്ടാവാം ആളുകള്‍ കൂടിയിട്ടുണ്ട്. ഒരു ചെറിയ ടൗണ്‍ ആണ്. ഷൂട്ട് തുടങ്ങിയതോടെ വെറുതെ ആളുകള്‍ നമ്മളെ കളിയാക്കാനും വഴക്കുപറയാനുമൊക്കെ തുടങ്ങി. ഇന്നയാളുടെ മോനാണ്, നിന്നെക്കൊണ്ടൊന്നും പറ്റില്ലെടാ എന്നൊക്കെ പറഞ്ഞ് ചുമ്മാ വഴക്കുപറയുകയാണ് (ചിരി).

ശ്രീനാഥ് നോക്കിയപ്പോള്‍ ഞാന്‍ ഇങ്ങനെ കോണ്‍ഷ്യസ് ആവുന്നത് കണ്ടു. ഒന്നോ രണ്ടോ ടേക്ക് ആയിട്ടേ ഉള്ളൂ. പിന്നെ ഒരു 40 ടേക്ക് ആവുന്നതുവരെ പുള്ളി കട്ട് പറയുന്നില്ല. വണ്‍സ് മോര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് ആണെങ്കില്‍ ഒന്നും മനസിലാകുന്നില്ല. ഞാന്‍ ഇങ്ങനെ വിയര്‍ത്ത് കുളിച്ച്, ഇത് എന്നെ കൊണ്ട് പറ്റാത്ത പണിയായിരിക്കുമെന്നും ഞാന്‍ അത്രയും മോശം ആക്ടറായിരിക്കും എന്നൊക്കെ മനസില്‍ ഉറപ്പിച്ച് തകര്‍ന്ന് ഇരിക്കുകയാണ്.

എന്തായിരുന്നു ലാസ്റ്റ് ടേക്കിലെ പ്രശ്‌നമെന്ന് ഒടുവില്‍ ഞാന്‍ ശ്രീനാഥിന് അടുത്തു പോയി ചോദിച്ചു. ഏയ് അതൊന്നും ഇല്ല, നിന്റെ ഈ പേടി മാറട്ടെ എന്ന് കരുതി ചെയ്തതാണെന്ന് പറഞ്ഞു. ഇത്രയും പേരുടെ മുന്‍പില്‍ വെച്ചോ എന്നായി അതോടെ എന്റെ ചോദ്യം, ദുല്‍ഖര്‍ പറയുന്നു.

എന്നിട്ട് ആ പേടി മാറിയോ എന്ന ചോദ്യത്തിന് പേടി മാറിയിട്ടൊന്നും ഇല്ലെന്നും ഇപ്പോഴും ഉണ്ടെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

കുറുപ്പിന്റെ സെറ്റില്‍ വെച്ച് അങ്ങനെ എന്തെങ്കിലും ചെയ്യിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ മറുപടി. തുടക്ക കാലത്തൊക്കെ ടേക്ക് കൂടുതല്‍ പോകുകയെന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. ഇപ്പോള്‍ എനിക്ക് ഒരു ടേക്കിനോടും അങ്ങനെ പ്രത്യേകിച്ച് അറ്റാച്ച്‌മെന്റ് ഇല്ല. എത്ര ടേക്ക് പോയാലും ഓക്കെയാണ്. അതുകൊണ്ട് തന്നെ ശ്രീനാഥ് എന്നെ റാഗ് ചെയ്താലും എനിക്ക് കുഴപ്പമില്ല, ദുല്‍ഖര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Dulquer Salmaan About Second Show Shooting Experiance

We use cookies to give you the best possible experience. Learn more