ദുല്‍ഖറിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു സെക്കന്റ് ഷോ. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ദുല്‍ഖര്‍. ഒരു സീന്‍ ശ്രീനാഥ് മനപൂര്‍വം തന്നെ കൊണ്ട് വീണ്ടും വീണ്ടും ചെയ്യിച്ചതിനെ കുറിച്ചും ഷൂട്ട് കണ്ടുനില്‍ക്കുന്ന ആളുകളില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചുമാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നത്.
‘ കോഴിക്കോട് ഭാഗത്താണ് ഷൂട്ട്. ഒരു ചായക്കടയിലോ മറ്റോ ഇരുന്നുള്ള സീനാണ്. ഒരു ഫോണ്‍ കട്ടോ മറ്റോ ആണ് എടുക്കുന്നത്. ഭയങ്കര ക്രൗഡുണ്ട്. ഞാന്‍ ആരാണെന്നൊന്നും അവര്‍ക്ക് അറിയില്ല. പക്ഷേ ഒരു സിനിമാ ഷൂട്ടിംഗ് നടക്കുന്നതു കൊണ്ടാവാം ആളുകള്‍ കൂടിയിട്ടുണ്ട്. ഒരു ചെറിയ ടൗണ്‍ ആണ്. ഷൂട്ട് തുടങ്ങിയതോടെ വെറുതെ ആളുകള്‍ നമ്മളെ കളിയാക്കാനും വഴക്കുപറയാനുമൊക്കെ തുടങ്ങി. ഇന്നയാളുടെ മോനാണ്, നിന്നെക്കൊണ്ടൊന്നും പറ്റില്ലെടാ എന്നൊക്കെ പറഞ്ഞ് ചുമ്മാ വഴക്കുപറയുകയാണ് (ചിരി).
ശ്രീനാഥ് നോക്കിയപ്പോള്‍ ഞാന്‍ ഇങ്ങനെ കോണ്‍ഷ്യസ് ആവുന്നത് കണ്ടു. ഒന്നോ രണ്ടോ ടേക്ക് ആയിട്ടേ ഉള്ളൂ. പിന്നെ ഒരു 40 ടേക്ക് ആവുന്നതുവരെ പുള്ളി കട്ട് പറയുന്നില്ല. വണ്‍സ് മോര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് ആണെങ്കില്‍ ഒന്നും മനസിലാകുന്നില്ല. ഞാന്‍ ഇങ്ങനെ വിയര്‍ത്ത് കുളിച്ച്, ഇത് എന്നെ കൊണ്ട് പറ്റാത്ത പണിയായിരിക്കുമെന്നും ഞാന്‍ അത്രയും മോശം ആക്ടറായിരിക്കും എന്നൊക്കെ മനസില്‍ ഉറപ്പിച്ച് തകര്‍ന്ന് ഇരിക്കുകയാണ്.