പല ഭാഷകളില്‍ നിന്നുമുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പല ഭാഷകളില്‍ നിന്നുമുള്ള കഥകള്‍ കേള്‍ക്കാറുണ്ടെന്നും ഓരോ സിനിമയും എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കാറുള്ളതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ചെയ്യുന്നതിനെ പറ്റിയുള്ള മമ്മൂട്ടിയുടെ ചോദ്യങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചു.
‘നാല് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള കഥകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. ഓരോ കഥ കേള്‍ക്കുമ്പോഴും ഹിന്ദിയിലുള്ള ലൈനപ്പ് എങ്ങനെയാണ്, അടുത്ത സിനിമ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ആലോചിക്കുന്നത്. ഒരോ വര്‍ഷത്തെയും ലൈനപ്പ് എങ്ങനെയാണെന്നും അതെങ്ങനെ വ്യത്യസ്തമാക്കാം എന്നും ചിന്തിക്കാറുണ്ട്.
തീരുമാനങ്ങളെടുക്കാന്‍ ഒരുപാട് സമമെടുക്കാറുണ്ട്. അതുകൊണ്ട് ഒരുപാട് സംവിധായകര്‍ അസ്വസ്ഥരാവുന്നുണ്ടാവും, അവരൊക്കെ എന്നോട് ക്ഷമിക്കണം. കാരണം എന്റെയൊരു പ്രശ്‌നമാണത്. ശരിയായ തീരുമാനം എടുക്കണമെന്നുണ്ട്.
ഓരോ സിനിമയും ചെയ്യാന്‍ എന്താണിത്ര താമസമെന്ന് വാപ്പച്ചി ചോദിക്കാറുണ്ട്. കൂടുതല്‍ സിനിമ ചെയ്യാത്തതെന്താണെന്ന് ചോദിക്കും. വാപ്പച്ചി വര്‍ഷത്തില്‍ അഞ്ച് സിനിമ ചെയ്യാറുണ്ട്. ഞാന്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യുന്നത് വാപ്പച്ചിക്ക് മനസിലാവില്ല. ഒരു സിനിമ ചെയ്യാനാണെങ്കില്‍ എന്റെ വീട്ടിലേക്ക് കേറല്ല്, കൂടുതല്‍ വര്‍ക്ക് ചെയ്യണമെന്ന് വാപ്പച്ചി പറയും,’ ദുല്‍ഖര്‍ പറഞ്ഞു.
ജസ്‌ലീന്‍ റോയലുമായി ഒന്നിച്ച ആല്‍ബമായ ‘ഹീരിയേ’യുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്റെ പരാമര്‍ശങ്ങള്‍. അര്‍ജിത്ത് സിങ്ങും ജസ്‌ലീനും ചേര്‍ന്ന് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന വെബ് സീരീസായ ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ പ്രോജക്ടുകള്‍.
Co0ntent Highlight: dulquer salmaan about mammootty’s funny talk