ചെറുപ്പം മുതലെ എന്റെ ഫാഷന്‍ ഐക്കണ്‍ വാപ്പച്ചിയാണ്; അദ്ദേഹത്തെ പോലെ ഞാനും ആ കാര്യം ഉറപ്പ് തരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
ചെറുപ്പം മുതലെ എന്റെ ഫാഷന്‍ ഐക്കണ്‍ വാപ്പച്ചിയാണ്; അദ്ദേഹത്തെ പോലെ ഞാനും ആ കാര്യം ഉറപ്പ് തരുന്നു: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th March 2023, 8:50 am

മലയാളികളുടെ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ഏറെ ആരാധകരെയുണ്ടാക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ദുല്‍ഖറിന് ഒരുപാട് ഫോളോവേഴ്‌സുണ്ട്.

ഫാഷന്‍ ഐക്കണായി യുവത ഫോളോ ചെയ്യുന്ന താരങ്ങളില്‍ മുന്നില്‍ തന്നെയാണ് ദുല്‍ഖര്‍.  കഴിഞ്ഞ ദിവസമാണ് കൊണ്ടോട്ടിയിലെ ഉദ്ഘാടന വേദിയില്‍ താരം എത്തിയത്. ജനമഹാസാഗരമാണ് താരത്തെ കാണാന്‍ കൊണ്ടോട്ടിയില്‍ തടിച്ചു കൂടിയത്.

വേദിയില്‍ വെച്ച് ആരാണ് ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ചെറുപ്പം മുതലെ മമ്മൂട്ടിയാണ് തന്റെ ഫാഷന്‍ ഐക്കണ്‍ എന്നാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്. വലിയ കയ്യടിയോടെയാണ് ജനം ദുല്‍ഖറിന്റെ മറുപടിയെ വരവേറ്റത്.

”എനിക്ക് ചെറുപ്പം മുതലെ ഒരു ഫാഷന്‍ ഐക്കണേ ഉള്ളൂ, അതെന്റെ വാപ്പച്ചിയാണ്. വാപ്പച്ചി എപ്പോഴും സിനിമയില്‍ ഒരു സ്ലാങ് പിടിച്ചിരിക്കും. അത് ഇപ്പോള്‍ തിരുവനന്തപുരം ആണെങ്കിലും കണ്ണൂരാണെങ്കിലും എല്ലാം അദ്ദേഹം അനായാസം പിടിച്ചിരിക്കും. അതുപോലെ ഞാനും ഉറപ്പായിട്ടും പിടിക്കും.

എനിക്ക് ഉസ്താദ് ഹോട്ടല്‍ മുതല്‍ അങ്ങനെ ഒരു ചാന്‍സ് കിട്ടിയിട്ടുണ്ട്. ഇനിയും അതുപോലുള്ള അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ പിടിച്ചിരിക്കും.

എന്റെ കരിയറിന്റെ തുടക്കം ഈ ഒരു ഭാഗത്ത് നിന്നായിരുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ഒരുപാട് കാലം കൂടിയിട്ടാണ് ഇങ്ങോട്ടേക്ക് വരുന്നത്.

കൊണ്ടോട്ടി പണ്ടേ ഫേമസാണ്. പഴയ വിമാനപകടങ്ങളിലൊക്കെ ഏറ്റവും കൂടുതല്‍ റെസ്‌ക്യൂ ഒപ്പറേഷനില്‍ പങ്കെടുത്തത് നിങ്ങളൊക്കെയല്ലേ. ഇവിടെ നേരിട്ട് വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. രാവിലെ മുതല്‍ എന്നെ കാത്തിരിക്കുകയാണെന്നറിയാം. നല്ല ചൂടാണ് നല്ല വെയില്‍ ആണെന്നെല്ലാം അറിയാം. എന്തായാലും വന്നതിനു ഒരുപാട് നന്ദി,” ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

Content highlight: dulquer salmaan about mammootty