കുറുപ്പ് കണ്ട ശേഷം വാപ്പച്ചി പറഞ്ഞത്, കുറുപ്പിന് വേണ്ടി നിര്‍ത്തിവെച്ച സിനിമകള്‍; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു
Malayalam Cinema
കുറുപ്പ് കണ്ട ശേഷം വാപ്പച്ചി പറഞ്ഞത്, കുറുപ്പിന് വേണ്ടി നിര്‍ത്തിവെച്ച സിനിമകള്‍; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th November 2021, 2:06 pm

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയേറ്ററിലേക്ക് എത്തുകയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

70-80 കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സിനിമയാണ് കുറുപ്പെന്നും ഒരുപാട് ഗെറ്റപ്പുകള്‍ ചിത്രത്തില്‍ വരുന്നുണ്ടെന്നും തന്നെ സംബന്ധിച്ച് വലിയൊരു അനുഭവം തന്നെയായിരുന്നു കുറുപ്പെന്നും ദുല്‍ഖര്‍ പറഞ്ഞു.

കുറുപ്പ് എന്ന ചിത്രത്തിനായി മറ്റ് പല ചിത്രങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നു. മുടിവളര്‍ത്തുക പോലുള്ള കാര്യങ്ങളൊക്കെയും ചെയ്തിരുന്നു.
അതിന്റെയെല്ലാം റിസള്‍ട്ട് ചിത്രം പുറത്തിറങ്ങുമ്പോള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ദുല്‍ഖര്‍ പറഞ്ഞു.

ഞങ്ങളുടെ പ്രിയപ്പെട്ട ഡി.ക്യു കുറുപ്പിലൂടെ അത്രയും കൂരനായി മാറുകയാണോ എന്ന ചോദ്യത്തിന് കഥാപാത്രത്തോട് നമ്മള്‍ നീതിപുലര്‍ത്തിയിട്ടേ കാര്യമുള്ളൂ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

കുറച്ച് സ്റ്റൈലും ഫ്‌ളെയറുമൊക്കെയുണ്ട്. കുറുപ്പിനെ കുറിച്ച് നടത്തിയ എല്ലാ റിസേര്‍ച്ചിലും പുള്ളി അത്യാവശ്യം സ്റ്റൈലിഷൊക്കെയായി, നന്നായി ഡ്രസ്സൊക്കെ ചെയ്ത് നടക്കുന്ന ആളാണ്. പുള്ളി ഗള്‍ഫില്‍ നിന്ന് വരുമ്പോഴൊക്കെ നാട്ടിലെല്ലാവരേയും ട്രീറ്റ് ചെയ്യുന്നതിനെ കുറിച്ചെല്ലാം നാട്ടുകാര്‍ തന്നെ സംസാരിച്ചിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ ഹീറോയിക് ആയിട്ട് തോന്നും. പടം കാണുമ്പോള്‍ അത് തോന്നില്ല.

കുറുപ്പ് എന്ന കഥാപാത്രത്തെ സിനിമയിലൂടെ ഗ്ലോറിഫൈ ചെയ്യുകയാണോ എന്ന ചോദ്യത്തിന് അത് ഉണ്ടാവാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അതിനായി ഒരുപാട് തവണ കഥ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റ മറുപടി. ആ പോയിന്റില്‍ തന്നെയാണ് ഫോക്കസ് ചെയ്തതെന്നും താരം പറയുന്നു. പിന്നെ ഇതൊരു സിനിമയാണ്. ഒരേ സമയം ആളുകള്‍ക്ക് അത് എന്റര്‍ടൈനിങ്ങും ആയിരിക്കണം. ആ രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാല്‍ അത് മനസിലാകും.

ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് തന്നെ, ചാക്കോയുടെ കുടുംബവുമായി ബന്ധപ്പെടുകയും അവരോട് കഥ പറയുകയും അതിന് ശേഷം ചിത്രം അവരെ കാണിക്കുകയും എല്ലാം ചെയ്തിരുന്നു. അവരുടെ അനുമതിയോടെ തന്നെയാണ് കഥ മുന്നോട്ടുകൊണ്ടുപോയത്. പിന്നെ ഇതിന്റെ ആഴത്തിലേക്ക് കടക്കുമ്പോള്‍ നമുക്ക് ഒരുപാട് കഥകള്‍ കേള്‍ക്കാന്‍ പറ്റും. അത്രയും ഡീറ്റെയില്‍സിലേക്ക് പോയുള്ള ഒരു ബയോപിക് ടൈപ്പ് സിനിമ തന്നെയാണ് കുറുപ്പ്. ഒരുപാട് കാലഘട്ടങ്ങളുണ്ട്. ഒരുപാട് പ്രായങ്ങള്‍ കാണിക്കുന്നുണ്ട്. അതെല്ലാം ഭംഗിയായിട്ട് തന്നെ കാണിക്കാന്‍ പറ്റിയിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. സംഭവിച്ച കഥകളും ഫിക്ഷനും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതിനെ ഒരു സിനിമ തന്നെയായി കാണണമെന്നാണ് പറയാനുള്ളത്.

മമ്മൂക്ക സിനിമ കണ്ട ശേഷം എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് പൊതുവെ അങ്ങനെ റിവ്യൂ ഒന്നും പറയാത്ത ആളാണെന്നും എങ്കിലും ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്നാണ് പറഞ്ഞതെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.

എന്നെ സംബന്ധിച്ച് ഇത് എന്റെ ഏറ്റവും വലിയ സിനിമയാണ്. ഞാന്‍ മാത്രമല്ല കൊവിഡിന് മുന്‍പേ എല്ലാവരും വലിയ രീതിയിലാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ദേശീയ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമായിരുന്നു എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. അതുപോലെ കുറുപ്പ് ഒ.ടി.ടിയില്‍ കൊടുക്കണമെന്ന് തങ്ങള്‍ ആരും ആഗ്രഹിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും തിയേറ്ററില്‍ തന്നെ പടം റിലീസ് ചെയ്യണമെന്നായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. വലിയ സ്‌കേലില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം ചെറിയ സ്‌ക്രീനില്‍ കാണാന്‍ നമുക്ക് പറ്റില്ല. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണേണ്ടതാണ്, ദുല്‍ഖര്‍ പറയുന്നു.

 

Content Highlight: Dulquer Salmaan About Kurup Movie