| Wednesday, 30th August 2023, 10:04 pm

ആളുകള്‍ എന്നെ കുറിച്ച് നല്ലതു പറയുമ്പോള്‍ ഉമ്മച്ചിയുടെ കണ്ണ് നിറയും; എന്റെ മോന്റെ സിനിമ നന്നാകണമെന്നാഗ്രഹിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന ടിപ്പിക്കല്‍ ഉമ്മച്ചി: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഓരോ പടം പുറത്തിറങ്ങുമ്പോഴും എന്റെ മോന്റെ പടം നന്നാവണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ടിപ്പിക്കല്‍ ഉമ്മച്ചിയാണ് തന്റേതെന്നും ഇനി 30 വര്‍ഷം കഴിഞ്ഞ് തന്റെ ഒരു പടമിറങ്ങുമ്പോഴും അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ സിനിമ ചെയ്യാതിരിക്കുമ്പോള്‍ വ്യാകുലപ്പെടുന്ന ഉമ്മച്ചി ഇപ്പോള്‍ സന്തോഷവതിയാണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

‘ഉമ്മച്ചി എപ്പോഴും പ്രാര്‍ത്ഥനയാണ്. ഓരോ പടം ഇറങ്ങുമ്പോഴും എന്റെ മോന്റെ പടം നന്നാവണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ടിപ്പിക്കല്‍ ഉമ്മച്ചിയാണ്. അതില്‍ ഒരു മാറ്റവുമില്ല. അതിനി 30 കൊല്ലം കഴിഞ്ഞാലും എന്റെ ഒരു പടം ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഉമ്മച്ചിക്ക് അതേ ടെന്‍ഷനും പ്രാര്‍ത്ഥനയുമൊക്കെ തന്നെയുണ്ടാകും.

ആളുകള്‍ എന്നെക്കുറിച്ചു നല്ലത് പറയുമ്പോഴും സ്‌നേഹം കിട്ടുമ്പോഴും ഉമ്മച്ചിക്ക് സന്തോഷമാണ്. കണ്ണൊക്കെ നിറയാറുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും തനിക്ക് ആസൂത്രണം ചെയ്യാന്‍ സാധിക്കുന്നതല്ലെന്നും പല തലമുറയില്‍പെട്ട പ്രേക്ഷകരുടെ സ്‌നേഹത്തില്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടാകുമ്പോള്‍ നമുക്ക് അത് പ്ലാന്‍ ചെയ്യാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ പ്രേക്ഷകരുടെ സ്‌നേഹമോ അംഗീകാരമോ പ്ലാന്‍ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ല. അവരെയും അവരുടെ വിവേകത്തെയും അവര്‍ ടിക്കറ്റിന് ചിലവാക്കുന്ന കാശിനെയും ബഹുമാനിച്ചു തന്നെ സിനിമ ചെയ്യണം. വേറെ കാരണങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യാന്‍ പാടില്ല എന്ന ഉത്തരവാദിത്തം എനിക്ക് തോന്നാറുണ്ട്.

ഒരുപാട് കാശ് തരാം, ഈ പടം ചെയ്യൂ എന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. ഞാന്‍ എന്തിനാണ് ഒരു സിനിമ ചെയ്യുന്നത്, എന്താണ് ആ സിനിമയിലുള്ളത്, അത് സത്യസന്ധമായ സിനിമയാണോ എന്നെല്ലാം നോക്കണം.

എന്‍ഡ് പ്രോഡക്റ്റ് നല്ലതായാലും മോശമായാലും നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കില്‍, നമ്മള്‍ പ്രേക്ഷകരെ ബഹുമാനിച്ചാണ് ഈ പടം ചെയ്തതെങ്കില്‍ അത് പ്രേക്ഷകര്‍ മനസ്സിലാക്കും. കുഴപ്പമില്ല, സിനിമ വര്‍ക്ക് ആയില്ലെങ്കിലും നിങ്ങളുടെ ഉദ്ദേശ്യം നല്ലതായിരുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി എന്ന് അവര്‍ പറയും. ഇങ്ങനെയൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.

ഓണം റിലീസായ ഏറ്റവും പുതിയ ദുല്‍ഖര്‍ ചിത്രം കിങ് ഓഫ് കൊത്തയ്ക്ക് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Dulquer Salmaan about His mother love and tension

Latest Stories

We use cookies to give you the best possible experience. Learn more