ദുല്‍ഖര്‍ സല്‍മാന്റെ അഭിമുഖങ്ങളില്‍ ഒരു ചോദ്യമെങ്കിലും മമ്മൂട്ടിയെ കുറിച്ചായിരിക്കും. ഇത് മമ്മൂട്ടിക്കറിയാമെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ദുല്‍ഖര്‍ അഭിനയിച്ച സിനിമകളെ കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായമെന്താണെന്ന തരത്തിലുള്ള ചോദ്യങ്ങളുണ്ടാകുന്നതുകൊണ്ട്, സിനിമ കണ്ടുകഴിഞ്ഞാലും വാപ്പ തന്നോടൊന്നും പറയാറില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
സീതാരാമത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് ബോളിവുഡ് ഹംഗാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മമ്മൂട്ടിയെ കുറിച്ച് ദുല്‍ഖര്‍ സംസാരിച്ചത്.
സീതാരാമത്തെ കുറിച്ച് മമ്മൂട്ടിയെന്ത് പറഞ്ഞുവെന്ന ചോദ്യം ഹംഗാമ അവതാരകനും ചോദിച്ചിരുന്നു. ഇതിനായിരുന്നു ദുല്‍ഖറിന്റെ രസകരമായ മറുപടിയെത്തിയത്.
‘നിങ്ങളെ നിരാശപ്പടുത്തുന്നതില്‍ വിഷമമുണ്ട്. സോറി. പക്ഷെ വാപ്പച്ചി എന്നോട് ഒന്നും പറയാറില്ല എന്നതാണ് സത്യം. അഭിമുഖങ്ങളില്‍ എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു.
അതുകൊണ്ട് അദ്ദേഹം എന്നോട് ഒന്നും പറയാറേയില്ല. സീറോ ഇന്‍പുട്ട് എന്ന് തന്നെ പറയാം. ഞാന്‍ അഭിനയിച്ച പടങ്ങള്‍ കണ്ടാലും വാപ്പച്ചി ‘ഉംം’ എന്നൊക്കെ മൂളലേയുള്ളു.
കാര്യമായിട്ടൊന്നും സംസാരിക്കുന്നയാളല്ല അദ്ദേഹം. അതുകൊണ്ട് വാപ്പച്ചി ഇതാണ് പറഞ്ഞതെന്ന് പറഞ്ഞ് എനിക്കൊന്നും പറയാനാകില്ല. പക്ഷെ അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലും വാപ്പച്ചി എന്റെ വര്‍ക്കില്‍ പ്രൗഡായി ഫീല്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം,’ ദുല്‍ഖര്‍ പറയുന്നു.
സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള തന്റെയും വാപ്പച്ചിയുടെയും കാഴ്ചപ്പാടുകളിലെ വ്യത്യാസത്തെ കുറിച്ചും ദുല്‍ഖര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. വീട്ടില്‍ മമ്മൂട്ടിയാണ് ശരിക്കും ചെറുപ്പക്കാരനെന്നും താന്‍ വെറും പഴഞ്ചനാണെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.
‘എനിക്കറിയാവുന്ന എല്ലാവരേക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചിയെന്ന് ഞാന്‍ പറയും. കാരണം അദ്ദേഹത്തിന്റെ താല്‍പര്യങ്ങളിലും ചിന്തകളിലുമൊക്കെ ആ ചെറുപ്പമുണ്ട്. വാപ്പച്ചിക്ക് പുതിയ ടെക്‌നോളജികളും മോഡേണ്‍ ഉപകരണങ്ങളുമെല്ലാം വലിയ താല്‍പര്യമാണ്. ഞാനാണെങ്കില്‍ വിന്റേജ് ഐറ്റംസിന് പിന്നാലെ പോകുന്നയാളാണ്.
എനിക്ക് വായിക്കാനിഷ്ടമുള്ള സാഹിത്യകൃതികളും കാണാനിഷ്ടമുള്ള സിനിമകളുമൊക്കെ കുറച്ച് പഴയ കാലത്തേയാണ്. പീരിയഡ് ഡ്രാമ വരുന്ന തിരക്കഥകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതായിരിക്കും ഞാന്‍ സീതാരാമം ചെയ്യാനും കാരണം,’ ദുല്‍ഖര്‍ പറയുന്നു.
Content Highlight: Dulquer Salmaan about his father Mammootty and his movies