മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന് എന്ന ഐഡന്റിറ്റിയില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുത്തിരുന്നു. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി ഉയരാന്‍ ഡി.ക്യുവിന് കഴിഞ്ഞു.
കണ്ണും കണ്ണും കൊള്ളയടിത്താല്‍, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ സീത രാമം എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയമായി മാറി. ലക്കി ഭാസ്കര്‍ എന്ന പുതിയ ചിത്രത്തിലൂടെ ഈ വിജയം ആവര്‍ത്തിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.താനും മമ്മൂട്ടിയും വലിയ സ്റ്റാറുകളാണെന്ന കാര്യം തന്റെ മകളായ മറിയത്തിന് മനസിലാകാനുള്ള പ്രായമായിട്ടില്ലെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്മാന്.
തന്റെയും മമ്മൂട്ടിയുടെയും കൂടെ പലരും ഫോട്ടോ എടുക്കാന്‍ പലരും വരുന്നത് മറിയം കാണാറുണ്ടെന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. തങ്ങള്‍ എന്തോ വലിയ കാര്യം ചെയ്യുന്നവരാണെന്നാണ് ചിന്തിച്ചുവെച്ചിട്ടുള്ളതെന്നും കുറച്ചുകൂടി പ്രായമാകുമ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് അവള്‍ക്ക് മനസിലാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ലക്കി ഭാസ്കറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
‘ഞാനും വാപ്പച്ചിയും വലിയ സ്റ്റാറാണെന്നുള്ള കാര്യമൊന്നും മറിയത്തിന് അറിയില്ല. അതൊക്കെ മനസിലാക്കാനുള്ള പ്രായം അവള്‍ക്കായിട്ടില്ല എന്നാണ് തോന്നുന്നത്. അവള് നോക്കുമ്പോള്‍ ഞങ്ങളെ കാണാന്‍ ആളുകള്‍ കൂടുന്നു. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. എന്തിനാണ് അതൊക്കെ ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. അവള്‍ക്ക് മനസിലാകുന്നതുപോലെ അതിന് മറുപടി നല്കാന് ശ്രമിക്കാറുണ്ട്.
കാരണം, അതൊക്കെ പറഞ്ഞാലും അവള്‍ക്ക് അത് മനസിലാകണമെന്നില്ല. ഞങ്ങളുടെ സിനിമകള്‍ വല്ലപ്പോഴും മാത്രമേ അവള് കാണാറുള്ളൂ. കുറച്ചുകൂടി പ്രായമാകുമ്പോള്‍ നമ്മളുടെയൊന്നും സഹായമില്ലാതെ തന്നെ അവള് എല്ലാം മനസിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതാണ് ശരിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
Content Highlight: Dulquer Salmaan about his daughter and Mammootty