| Wednesday, 30th August 2023, 4:49 pm

സുരേഷേട്ടന്റെ ഒരു സഹായവും ഗോകുലിന് സിനിമയില്‍ കിട്ടിയിട്ടില്ല, ഒരു തരത്തില്‍ അത് നല്ലതാണ്: ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുരേഷ് ഗോപിയുടെ യാതൊരു സഹായവുമില്ലാതെ തന്റേതായ വഴിയിലാണ് ഗോകുല്‍ സുരേഷ് മുന്നോട്ട് പോകുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. നല്ല സിനിമ ചെയ്യണമെന്നും നന്നായി അഭിനയിക്കണമെന്നുമുള്ള നമ്മുടെ ആഗ്രഹങ്ങള്‍ വര്‍ധിക്കാന്‍ അതാണ് നല്ലതെന്നും ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയിലെ അഭിനേതാക്കള്‍ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുല്‍ സുരേഷിനെ കുറിച്ചുള്ള ദുല്‍ഖറിന്റെ പരാമര്‍ശം. ഗോകുല്‍ സുരേഷ് ജനിച്ചതുമുതല്‍ താന്‍ അവനെ കാണുന്നുണ്ടെന്നും കിങ് ഓഫ് കൊത്തയിലെ ഗോകുലിന്റെ പ്രകടനത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

‘ഗോകുല്‍ ജനിച്ചത് മുതല്‍ ഞാന്‍ അവനെ കാണുന്നുണ്ട്. ബേബി ആയിരുന്നപ്പോഴുള്ള അവന്റെ മുഖം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഇപ്പോള്‍ മുഖത്ത് താടിയും മീശയും വന്നെന്ന് മാത്രമേയുള്ളൂ. മുഖം അത് തന്നെയാണ്. ഗോകുലിന്റെ ആദ്യത്തെ സിനിമയായ മുദ്ദുഗൗവില്‍ ഞാന്‍ വോയിസ് ഓവര്‍ ഒക്കെ ചെയ്തിട്ടുണ്ട്. സിനിമയില്‍ ഈ ജനറേഷനിലുള്ള ആരാണെങ്കിലും അവരൊക്കെ എനിക്ക് വളരെ പേഴ്‌സണലാണ്. കാരണം ഞാന്‍ കൊച്ചിലേ മുതല്‍ കണ്ടിട്ടുള്ള ആളുകളാണ്. നമ്മുടെയൊക്കെ സിനിമാ മോഹങ്ങളും ആഗ്രഹങ്ങളുമൊക്കെ നമുക്കെല്ലാവര്‍ക്കും അറിയാം.

ഞാന്‍ ഈ പടം ഒരുപാട് നേരം കണ്ടിട്ടുണ്ട്. എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഗോകുല്‍ ആ കഥാപാത്രം ചെയ്തതിലും അവന്‍ ചെയ്ത രീതിയിലുമെല്ലാം. ഈ സിനിമയില്‍ ഞങ്ങള്‍ ചെയ്ത കഥാപാത്രങ്ങളില്‍ ടോപ്പ് ത്രീയോ ഫോറോ സ്റ്റാന്‍ഡ്ഔട്ട് ചെയ്തു നില്‍ക്കുന്നുണ്ടെങ്കില്‍ അതിലൊന്ന് ഗോകുലിന്റേത് ആയിരിക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

ഗോകുല്‍ തെരഞ്ഞെടുത്ത ദിശ വളരെ നല്ലതാണെന്നും നല്ല സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹമുണ്ടാകാന്‍ അതാണ് നല്ലതെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘ഗോകുല്‍ അവന്റേതായ വഴി തന്നെയാണ് കണ്ടെത്തുന്നത്, സുരേഷേട്ടന്റെ യാതൊരു ഹെല്‍പ്പും തേടാതെ. സുരേഷേട്ടനാണെങ്കിലും ഗോകുലിനും മാധവിനും (ഗോകുല്‍ സുരേഷിന്റെ സഹോദരന്‍) വേണ്ടി നേരിട്ടൊന്നും ചെയ്തിട്ടില്ല. പക്ഷെ അതാണ് ശരിക്കും ഏറ്റവും നല്ലത്. നമ്മുടെ അംബീഷന്‍ കൂടും. നല്ല സിനിമകള്‍ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും നന്നായി അഭിനയിക്കണമെന്നുമൊക്കെയുള്ള തോന്നല്‍ അങ്ങനെ വിട്ടുകൊടുത്താലേ വരികയുള്ളൂ. അവന്‍ തിരഞ്ഞെടുത്ത ദിശ വളരെയധികം ശരിയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

ചില പടങ്ങള്‍ സൈന്‍ ചെയ്യുമ്പോള്‍ മനസ്സില്‍ റാംജിറാവു സ്പീക്കിങ്ങിലെ ഗുലുമാല്‍ എന്ന പാട്ട് മനസ്സില്‍ വരാറുണ്ടെന്നും തീരുമാനം തെറ്റായോ എന്ന ആശങ്ക തോന്നാറുണ്ടെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഓണം റിലീസായി തിയേറ്ററില്‍ എത്തിയ കിങ് ഓഫ് കൊത്ത സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഗോകുല്‍ സുരേഷിനും പുറമെ ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, ശാന്തികൃഷ്ണ, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Dulquer Salmaan about Gokul suresh and suresh gopi

We use cookies to give you the best possible experience. Learn more