ഫഹദും വിനായകനും മലയാളത്തെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
Film News
ഫഹദും വിനായകനും മലയാളത്തെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd August 2023, 1:07 pm

പൃഥ്വിരാജും ഫഹദ് ഫാസിലും വിനായകനും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ മലയാളത്തെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ടെന്നും ഇത് ഏറ്റവും നല്ല സമയമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള താരങ്ങള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ അന്യഭാഷ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഫഹദ് ആണെങ്കിലും പൃഥ്വി ആണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വി രണ്ട് ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സലാറില്‍ അഭിനയിക്കുന്നുണ്ട്. വിനായകന്‍ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്. ചെമ്പന്‍ ചേട്ടനാണെങ്കിലും ഷൈന്‍ ടോമാണെങ്കിലും മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്.

അവിടുന്ന് നമ്മള്‍ കുറച്ച് ഇങ്ങോട്ട് ഇംപോര്‍ട്ട് ചെയ്യും. ഇവിടുന്ന് കുറച്ച് എക്‌സ്‌പോര്‍ട്ട് ചെയ്യും. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ട്. ഇത് ഏറ്റവും നല്ല സമയമാണ്. എല്ലാ ഭാഷകളിലും എല്ലാവര്‍ക്കും അഭിനയിക്കാന്‍ പറ്റട്ടെ,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്ത പ്രേക്ഷകര്‍ സ്വകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘ഈ സിനിമയില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത് ഇങ്ങനെ ആക്കി എടുക്കാന്‍ പറ്റി, മനസില്‍ ആഗ്രഹിച്ചതിന്റെ അപ്പുറത്തേക്ക് മേക്ക് ചെയ്യാന്‍ പറ്റി. വേഫേററിന്റെ ടീമും സീയുടെ ടീമും എല്ലാ ടെക്‌നീഷ്യന്‍സും സ്വന്തം സിനിമ പോലെ കണ്ട് ഒരു പരാതിയുമില്ലാതെ മാസങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ പടമാണ്. അത്രയും സ്‌നേഹവും അതിലുണ്ട്. പ്രേക്ഷകരില്‍ വിശ്വാസമുണ്ട്. അവരത് സ്വീകരിക്കും, ഇഷ്ടപ്പെടും, ആസ്വദിക്കും എന്ന് വിചാരിക്കുന്നു,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 24ന് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തും. വേഫേറെര്‍ ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന കിങ് ഓഫ് ദുല്‍ഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്.

Content Highlight: Dulquer Salmaan about Fahad Fassil and Vinayakan