| Saturday, 16th December 2023, 10:51 am

മമ്മൂട്ടി, സുലു നമുക്ക് പോണമെന്ന് ഞാന്‍ പറഞ്ഞു, വാപ്പച്ചി ഒരു നോട്ടം; മമ്മൂട്ടിയെ ആദ്യമായി പേരെടുത്ത് വിളിച്ചതിനെ പറ്റി ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മകനെ പറ്റി മമ്മൂട്ടി അധികം സംസാരിക്കാറില്ലെങ്കിലും വാപ്പച്ചിയെ പറ്റി വാചാലനാകുന്ന ദുല്‍ഖറിന്റെ അഭിമുഖങ്ങളും വീഡിയോകളും വൈറലാവാറുണ്ട്. ചെറുപ്പം മുതലുള്ള പല അനുഭവങ്ങളും ആരാധനയോടെ പലപ്പോഴായി ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിലുള്ള ദുല്‍ഖറിന്റെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. മമ്മൂട്ടിയെ ആദ്യമായി പേരെടുത്ത് വിളിച്ചതിനെ പറ്റി സംസാരിക്കുന്ന ദുല്‍ഖറിന്റെ പഴയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ബോര്‍ഡിങ്ങിനുള്ള സമയമായിട്ടും വാപ്പച്ചിയും ഉമ്മയും വലിയ സംസാരത്തിലായെന്നും താന്‍ പറയുന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ലായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒടുവില്‍ അവരെ പേരെടുത്ത് വിളിച്ചപ്പോഴാണ് താന്‍ പറയുന്നത് അവര്‍ കേള്‍ക്കാന്‍ തയാറായതെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു തെലുങ്ക് പരിപാടിയില്‍ വെച്ചായിരുന്നു പഴയ ഓര്‍മ ദുല്‍ഖര്‍ പങ്കുവെച്ചത്.

‘ജീവിതത്തില്‍ ഒരു പ്രാവശ്യമാണ് ഞാന്‍ വാപ്പച്ചിയെ പേരെടുത്ത് വിളിച്ചിട്ടുള്ളത്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വാപ്പച്ചിയും ഉമ്മയും തമ്മില്‍ കാര്യമായ എന്തോ ചര്‍ച്ച നടക്കുകയാണ്. ബോര്‍ഡിങ്ങിനുള്ള സമയമായി. വരൂ, നമുക്ക് പോകാമെന്ന് ഞാന്‍ പറയുന്നുണ്ട്. എന്നാല്‍ അവരാരും കേള്‍ക്കുന്നില്ല. മോളോടും ഭാര്യയോടും ഞാന്‍ പറഞ്ഞു. ഇനിയും താമസിച്ചാല്‍ അവര്‍ ഗേറ്റ് അടക്കും. അവസാനം ‘മമ്മൂട്ടി, സുലു, നമുക്ക് പോണം’ എന്ന് ഞാന്‍ പറഞ്ഞു (ചിരിക്കുന്നു). എന്ത് എന്ന രീതിയില്‍ വാപ്പച്ചി എന്നെ നോക്കി,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ഗ്യാങ്‌സ്റ്റര്‍ ചിത്രമായിരുന്നു. ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, അനഖ സുരേന്ദ്രന്‍, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍ മുതലായവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

അതേസമയം വമ്പന്‍ പ്രൊജക്ടുകളാണ് ഇനി ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും അഭിനയിക്കുന്നുണ്ട്. ജയരംവി, തൃഷ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സൂര്യയും സുധ കൊങ്കാരയും ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും അഭിനയിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു.ദുല്‍ഖറിനൊപ്പം നസ്രിയയും വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ, വെങ്കി അറ്റ്ലൂരിയുടെ ലക്കി ഭാസ്‌കര്‍ എന്നിവയാണ് ദുല്‍ഖറിന്റെ മറ്റ് പ്രൊജക്ടുകള്‍.

Content Highlight: Dulquer Salmaan about calling Mammootty by name for the first time

We use cookies to give you the best possible experience. Learn more