| Thursday, 29th September 2022, 11:03 am

പ്രശംസിച്ചു പറയുന്നതാണെങ്കിലും, ആ വാക്കുകളാണ് എന്നെ ഏറ്റവും അലോസരപ്പെടുത്താറുള്ളത്: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചോക്ലേറ്റ് ബോയ്, ചാമിങ് തുടങ്ങിയ വിളികളോടുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഗലാട്ട പ്ലസില്‍ സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് ലുക്ക്‌സിനെ കുറിച്ച് താരം സംസാരിക്കുന്നത്.

ചാമിങ് എന്ന വിശേഷണമുള്ളതുകൊണ്ട് ആളുകള്‍ ഒരു സീരിയസ് നടനായി കണക്കാക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘മലയാള സിനിമയില്‍ ലുക്കിന് ഒരു പ്രാധാന്യവുമില്ല. കഥാപാത്രത്തിന് യോജിച്ചതായിരിക്കണം നടന്റെ ലുക്ക്. ഒരു വിശ്വാസ്യത തോന്നണം, അത്രയേ ഉള്ളു.

എനിക്കൊരു അര്‍ബന്‍/മെട്രോ ലുക്കുണ്ട്. കുറച്ചൊരു ഗ്രൂംഡായ ലുക്കാണ് എന്റേതെന്ന് വേണമെങ്കില്‍ പറയാം. ഭയങ്കര ഗുഡ് ലുക്കിങ് ആണെന്നല്ല ഉദ്ദേശിച്ചത്. ഇത് ഞാന്‍ എളിമയുടെ പുറത്ത് പറയുന്നതുമല്ല.

എന്റെ മനസില്‍ ഞാന്‍ എന്നെ കാണുന്നത് അങ്ങനെയാണ്. എന്നാലല്ലേ കാണുന്നവര്‍ക്കും ഒരു വിശ്വാസം വരു. അല്ലെങ്കില്‍ ഞാന്‍ എന്തോ മുഖംമൂടി വെച്ച് അഭിനയിക്കുന്നത് പോലെ ആള്‍ക്കാര്‍ക്ക് തോന്നും.

ഞാന്‍ ഗുഡ് ലുക്കിങ് ആണെന്ന് സ്വയം ചിന്തിക്കാനും അംഗീകരിക്കാനും എനിക്ക് എപ്പോഴും ഒരു ബുദ്ധിമുട്ടുണ്ട്. എന്നെ കാണാന്‍ നല്ല ഭംഗിയുള്ളതുകൊണ്ട് എന്നെ ആരും സീരിയസ് കാണുന്നില്ല എന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.

വളരെ ചാമിങ്ങാണ്, കണ്ണിന് കുളിരാണ് എന്ന കമന്റുകള്‍ കാണുമ്പോള്‍ ഒരു സന്തോഷം തോന്നുമല്ലാതെ, അതില്‍ കൂടുതല്‍ ഒന്നും തോന്നാറില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

തന്നെ പ്രശംസിച്ചുവരുന്ന കമന്റുകളില്‍ അത്ര സന്തോഷം തരാത്ത വാക്കുകളെ കുറിച്ചും ദുല്‍ഖര്‍ തുടര്‍ന്ന് സംസാരിച്ചു. വ്യത്യസ്തമായ റോളുകള്‍ തെരഞ്ഞെടുക്കാനുള്ള സമ്മര്‍ദവും ഈ കമന്റുകള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

‘പതിവ് പോലെ നന്നായി ചെയ്തിരിക്കുന്നു, പതിവ് പോലെ നല്ല ഭംഗിയായിരിക്കുന്നു തുടങ്ങിയ കമന്റുകള്‍ എന്ന അലോസരപ്പെടുത്താറുണ്ട്. കാരണം എനിക്ക് ഈ ‘പതിവ് പോലെ’ ആകേണ്ട.

ഞാന്‍ ബാക്കിയെല്ലാത്തിലും കൊള്ളാം, പക്ഷെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതൊന്നും എന്റെ കയ്യിലില്ല എന്ന് പറയുംപോലെയാണ് ആ കമന്റുകള്‍ കേള്‍ക്കുമ്പോള്‍ തോന്നാറുള്ളത്.

അതുകൊണ്ട് തന്നെ സ്വയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും എന്നൊരു കാര്യവും നടക്കും. ഡാര്‍ക്ക് മോഡിലുള്ള ഗ്ലാമറസല്ലാത്ത റോളുകള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് പിന്നിലും ഈ ചിന്തയായിരിക്കാം,’ദുല്‍ഖര്‍ പറയുന്നു

ചുപ് എന്ന തന്റെ പുതിയ ചിത്രത്തെയും ഇതിന്റെ ഭാഗമായി കാണാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 10 കോടി ബജറ്റിലെത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് ഏഴ് കോടിയാണ് നേടിയത്.

സമീപകാലത്ത് പുറത്ത് ഇറങ്ങിയ ബോളിവുഡ് റിലീസുകളെ അപേക്ഷിച്ച് ഒരു ചെറിയ ചിത്രമാണെങ്കിലും തിയേറ്ററുകളില്‍ മികച്ച ഓപ്പണിങ് നേടാന്‍ ചുപിന് കഴിഞ്ഞിട്ടുണ്ട്. ഏകദേശം 2.5-3 കോടി രൂപയാണ് ചുപിന്റെ ആദ്യ ദിന കളക്ഷന്‍. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

മുംബൈ നഗരത്തില്‍ നടക്കുന്ന ഒരു സിനിമ നിരൂപകന്റെ കൊലപാതകത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. സമാന രീതിയില്‍ നഗരത്തില്‍ പിന്നെയും സിനിമ നിരൂപകര്‍ കൊല്ലപ്പെടുന്നു. ഇതിനു പിന്നില്‍ ഒരു സീരിയല്‍ കില്ലറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു. ഈ കില്ലറിലേക്കുള്ള അന്വേഷണമാണ് ചിത്രം. ഡാനി എന്ന് വിളിക്കപ്പെടുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Dulquer Salmaaan about the comment that irk him the most

We use cookies to give you the best possible experience. Learn more