|

ഫ്രെയിമില്‍ അദ്ദേഹം വന്നാല്‍ എല്ലാവരും നോക്കി നിന്നു പോകും; ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ 25മത്തെ ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍. ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതു വര്‍മ്മ, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ ഗൗതം മേനോനുമൊത്തുള്ള അഭിനയ അനുഭവങ്ങള്‍ പറയുകയാണ് ദുല്‍ഖര്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ മനസ്സ് തുറന്നത്.

‘ഒരു നല്ല നടനാണ് അദ്ദേഹം. നല്ല സ്റ്റൈലിഷ് ആക്ടറാണ് അദ്ദേഹം. ഫ്രെയിമില്‍ അദ്ദേഹം വന്നാല്‍ എല്ലാവരും അദ്ദേഹത്തെ തന്നെ നോക്കി നിന്നുപോകും. ഒരു പ്രസന്‍സ് നിര്‍മ്മിക്കാന്‍ കഴിയുന്ന അഭിനേതാവ് കൂടിയാണ് ഗൗതം സര്‍,’ ദുല്‍ഖര്‍ പറഞ്ഞു.

വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തമിഴ് സിനിമയായിരുന്നു കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം. വായൈ മൂടി പേസവും, ഒകെ കണ്‍മണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

കെ.എം. ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചത് പ്രവീണ്‍ ആന്റണിയാണ്. ദല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ആന്റോ ജോസഫ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. അതേസമയം സൂപ്പര്‍ഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഓതിരം കടകം.

ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

2017ലാണ് ദുല്‍ഖറും സൗബിനും ഒന്നിച്ച പറവ റീലീസ് ചെയ്തത്. പറവയില്‍ അതിഥി താരമായാണ് ദുല്‍ഖര്‍ എത്തിയത്. ഷെയ്ന്‍ നിഗമായിരുന്നു പറവയില്‍ നായകനായിരുന്നത്.

അതേസമയം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയിലും ദുല്‍ഖറാണ് നായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. കിംഗ് ഓഫ് കൊത്ത എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Dulquer Salaman Talks About Gautam Vasudev Menon