| Wednesday, 9th August 2023, 4:32 pm

ആ നടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്; അവർ ചിരിക്കുന്നത് ഹൃദയത്തിൽ നിന്നാണ്: ദുൽഖർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുൻകാല നടിമാരിൽ കജോളിന്റെ കൂടെ വർക്ക്‌ ചെയ്യാനാണ് തനിക്ക് ഏറ്റവും ആഗ്രഹമെന്ന് നടൻ ദുൽഖർ സൽമാൻ. കജോൾ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും കഥാപാത്രങ്ങൾക്ക് അവർ പുതു ജീവൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കജോളിന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. കഥാപാത്രത്തെ അവർ അവതരിപ്പിക്കുന്ന രീതി വളരെ മനോഹരമാണ്. കജോളിന്റെ അഭിനയത്തിൽ കഥാപാത്രങ്ങൾക്ക് ജീവൻ വെക്കുന്നത് കാണാം. എല്ലാ ഇമോഷനുകളും നമുക്ക് ശരിക്കും മനസിലാക്കാൻ കഴിയും. പുള്ളിക്കാരി ചിരിക്കുന്നത് ഹൃദയത്തിൽ നിന്നാണ്.

അവർ ചെയ്ത കഥാപാത്രങ്ങൾ കരയുന്നത് കാണുമ്പോൾ ശരിക്കും ആ കണ്ണുനീർ ഒറിജിനൽ ആണെന്ന് തോന്നും. പുള്ളിക്കാരി അഭിനയത്തിലേക്ക് അത്രമാത്രം ആത്മാർഥത നൽകുന്നുണ്ട്,’ ദുൽഖർ പറഞ്ഞു.

അഭിമുഖത്തിൽ തന്റെ കരിയറിനെപ്പറ്റിയും അഭിനയ ജീവിതത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഒരു വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ടോപ് ഫൈവിൽ തന്റെ ചിത്രവും ഉണ്ടാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ദുൽഖർ പറഞ്ഞു.

‘സ്റ്റാർ, സ്റ്റാർഡം എന്നൊക്കെ പറയുമ്പോഴും ധാരാളം നടീനടന്മാരുടെ മുഖം എന്റെ മനസിലേക്ക് ഓടിവരാറുണ്ട്. പക്ഷെ അക്കൂട്ടത്തിൽ എന്റെ മുഖം ഉണ്ടാകാറില്ല. പ്രേക്ഷകർ എനിക്ക് തരുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്‌. അവരുടെ സ്നേഹത്തിനൊപ്പമാണ് ഞാൻ വളർന്നത്. കരിയറിലെ ഉയർച്ചയൊന്നും ഞാൻ കാരണം മാത്രമുണ്ടായതല്ലെന്ന്‌ എനിക്ക് നന്നായിട്ടറിയാം.

എനിക്ക് തോന്നുന്നു വളരെ കുറച്ച് അഭിനേതാക്കൾ മാത്രമായിരിക്കും കണ്ടന്റുകൾ നോക്കാതെ സിനിമകൾ ചെയ്യുന്നത്. ഞാൻ ഓരോ വർഷവും ഏറ്റവും ബെസ്റ്റ് കണ്ടന്റുകൾ നോക്കി തന്നെ തെരഞ്ഞെടുക്കാൻ നോക്കും. എല്ലാവർഷവും ഇറങ്ങുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ടോപ് ഫൈവിൽ എന്റെ ചിത്രങ്ങൾ ഉണ്ടാകണമെന്നൊരു ആഗ്രഹം എനിക്കുണ്ട്. അത് ഏത് ഭാഷയിൽ ആയാലും കുഴപ്പമില്ല’ ദുൽഖർ പറഞ്ഞു.

അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥയെഴുതി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഷബീര്‍ കല്ലറക്കല്‍,ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍ ,ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.

content highlights: Dulquer Sakman on Kajol

We use cookies to give you the best possible experience. Learn more