| Sunday, 10th September 2023, 8:20 am

മലയാളികള്‍ സ്മാര്‍ട്ടാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ടല്ലോ; ദുല്‍ഖറിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പൊതുശൈലിയെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പുറത്ത് വെച്ച് കണ്ടാല്‍ മലയാളികള്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നായിരിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. ബീര്‍ബൈസെപ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ സ്മാര്‍ട്ടാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ടല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷരത നിരക്ക് മൂലമാണ് അങ്ങനെയൊരു ധാരണ ഉള്ളത്. കാരണം ഞങ്ങളുടെ സംസ്ഥാനത്ത് 100 ശതമാനം സാക്ഷരതയുണ്ട്.

പുറത്ത് വെച്ച് മലയാളികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യം ചോദിക്കുന്നത് നാട്ടിലെവിടെയാണെന്നാണ്? മലയാളി ആണെന്നറിയുമ്പോള്‍ തന്നെ പിന്നാലെ വരുന്ന ചോദ്യം ഊഹിക്കാനാവും.

പിന്നെ അവിടെ നല്ല ഭക്ഷണമുണ്ട്. പത്തിരി എന്ന് പറയുന്ന ഒരു ഐറ്റമുണ്ട്. റൈസ് ചപ്പാത്തി എന്നൊക്കെ പറയാം. വളരെ നേര്‍ത്തതായിരിക്കും. ഒരേസമയമം രണ്ടെണ്ണവും മൂന്നെണ്ണവുമൊക്കെ കഴിക്കാനാവും. തേങ്ങാപ്പാല്‍ ഞങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാനഘടകമാണ്. പിന്നെ മട്ടന്‍, ചിക്കന്‍, ചെമ്മീന്‍ അങ്ങനെ കുറെ നോണ്‍വെജ് വിഭവങ്ങളുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും സ്‌റ്റൈലിഷായ വ്യക്തി എന്നാണ് താങ്കളെ വിശേഷിപ്പിക്കാറുള്ളത് എന്ന പരാമര്‍ശത്തോട് ഒരു ചിരിയോടെയാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. ‘ഞാന്‍ എപ്പോഴും ഡീറ്റെയ്ല്‍സ് നോക്കാറുണ്ട്. എന്റെ അച്ഛന്‍ വളരെ സ്‌റ്റൈലൈസ്ഡായിരുന്നു, അദ്ദേഹം നന്നായി ഡ്രെസ് ചെയ്യുമായിരുന്നു. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ എനിക്ക് സ്യൂട്ട് ധരിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.

നമ്മുടെ ശരീരം എങ്ങനെയാണെന്ന് മനസിലാക്കണം. പ്രത്യേക രീതിയിലുള്ള ഷോള്‍ഡറാണെങ്കിലോ കുറച്ച് വയറുണ്ടെങ്കിലോ അതിനനുസരിച്ച് ഡ്രെസ് ചെയ്യണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏത് രീതിയിലുള്ള ശരീരത്തിനും നന്നായി ഡ്രെസ് ചെയ്യാനാവും. വസ്ത്രം നമ്മുടെ ശരീരത്തിന് എങ്ങനെ ചേരുമെന്നുള്ളത് നോക്കണം. ഒരുപാട് ആളുകള്‍ വില കൂടിയ വസ്ത്രം ധരിക്കുന്നത് ഞാന്‍ കാണാറുണ്ട്. എന്നാല്‍ അവര്‍ക്കത് ശരിക്ക് ചേരുന്നുണ്ടാവില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് ഇതൊക്കെ വളരെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതൊന്നും താന്‍ ചിന്തിക്കാറില്ലെന്നും നന്നായി ഡ്രെസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Content Highlight: Dulquer’s reply for the stereotype that Malayalis are smart

We use cookies to give you the best possible experience. Learn more