| Wednesday, 5th July 2023, 2:37 pm

ആശങ്ക വേണ്ട, അതൊരു പ്രൊമോഷനെന്ന് ദുല്‍ഖര്‍; കമന്റില്‍ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഉറങ്ങിയിട്ട് കുറെ നാളുകളായെന്നും കാര്യങ്ങള്‍ ഇപ്പോള്‍ പഴയപടി അല്ലെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

‘കുറച്ച് നാളായി ഉറങ്ങിയിട്ട്. ആദ്യമായി ജീവിതത്തില്‍ ചില കാര്യങ്ങള്‍ നേരിടേണ്ടിവന്നു, കാര്യങ്ങള്‍ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസില്‍ നിന്ന് കളയാന്‍ പറ്റുന്നില്ല. എനിക്ക് കൂടുതല്‍ പറയണമെന്ന ആഗ്രഹമുണ്ട്, പക്ഷെ എന്നെ അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല,’ എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ തന്നെ താരം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദുല്‍ഖറിന്റെ വീഡിയോ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആശങ്കകളെല്ലാം നീക്കി ദുല്‍ഖറിന്റെ പുതിയ പോസ്റ്റ് വന്നിരിക്കുകയാണ്.

ഒരു പരസ്യത്തിന്റെ ഭാഗമായാണ് ദുല്‍ഖര്‍ വീഡിയോ പങ്കുവെച്ചത്. ദുല്‍ഖര്‍ അഭിനയിച്ച മൊബൈല്‍ ഫോണിന്റെ പരസ്യവും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

‘ഈ മൊബൈല്‍ എന്നില്‍ ഉണ്ടാക്കിയ മാന്ത്രിക ശക്തി ഞാന്‍ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷന്‍ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തില്‍ നിന്നും എനിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. ഞാന്‍ വീണ്ടും ശ്രമിക്കുന്നുണ്ട്. അടുത്ത തവണ മൊബൈല്‍ തെറാപ്പി ശ്രമിച്ചു നോക്കാം,’ എന്നാണ് വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചത്.

ഇതൊരു വെറൈറ്റി പ്രൊമോഷനാണെന്നും ഇതിലും വലിയ പ്രൊമോഷന്‍ സ്വപ്‌നങ്ങളില്‍ മാത്രമാണെന്നും ആരാധകര്‍ കമന്റ് ചെയ്തു. എന്നാല്‍ താരത്തെ വിമര്‍ശിച്ചു ആളുകള്‍ കമന്റ് ചെയ്തു.

‘ധാരാളം ആളുകള്‍ ഇഷ്ടപ്പെടുന്ന ഐക്കണ്‍ ആണ് നിങ്ങള്‍. ഈ നാടകം നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ആശങ്ക സൃഷ്ടിച്ചു. ആളുകളുടെ വികാരം വെച്ച് കളിക്കാന്‍ പാടില്ലായിരുന്നു,’ എന്നാണ് ഒരു കമന്റ്.

‘ദയവായി ഇതുപോലുള്ള പരസ്യങ്ങളില്‍ ചെയ്യരുത്, കാരണം നിങ്ങളെ ഇഷ്ടപ്പെടുന്ന ആളുകള്‍ ആശങ്കാകുലരാകും, ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആളുകളെ അത് പ്രകോപിപ്പിക്കും. മാനസികാരോഗ്യം ഒരിക്കലും തമാശയല്ല. പരസ്യം സര്‍ഗ്ഗാത്മകമാവേണ്ടതാണ്. ഭാവിയില്‍ നിങ്ങള്‍ ഇത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlight: Dulquer’s new post on mobile advertisement clarifies the worries of his fans

We use cookies to give you the best possible experience. Learn more