| Tuesday, 25th July 2023, 4:27 pm

ഞാൻ പൂർണമായും ഡയറക്ടർമാരുടെ നടനാണ്: ദുൽഖർ സൽമാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ പൂർണമായും ഡയറക്ടർ പറയുന്നതുപോലെ അഭിനയിക്കുന്ന നടനാണെന്ന് ദുൽഖർ സൽമാൻ. തനിക്ക് പല സെറ്റുകളിൽനിന്നും ലഭിക്കുന്ന അനുഭവങ്ങൾ വ്യത്യസ്തമാണെന്നും സിനിമയിലെ ടീമുകൾക്കൊത്ത് വർക്ക് ചെയ്യാൻ ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പ്രഗത്ഭരായ ഫിലിം മേക്കർമാരുടെ കൂടെ വർക്ക് ചെയ്തതുകൊണ്ട് അവരിൽ നിന്ന് എന്താണ് പഠിക്കാൻ കഴിഞ്ഞതെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ.

‘ഞാൻ പൂർണമായും ഡയറക്ടർമാരുടെ നടനാണ്. അവർ പറയുന്നതാണ് അഭിനയിക്കുന്നത്. എന്റെ സിനിമ ടീമുമായി സറണ്ടർ ചെയ്ത് വർക്ക്‌ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഷൂട്ടിങ്ങിൽ എന്നാൽ കഴിയുന്ന കാര്യങ്ങൾ സമർപ്പിക്കാൻ താൽപര്യപ്പെടുന്നുമുണ്ട്.

ഞാൻ സീനിയർ ആയിട്ടുള്ള സംവിധായകരുടെയും സ്ത്രീ സംവിധായകരുടെയും, പുതുമുഖങ്ങളുടെയും കൂടെ വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ അന്യ ഭാഷകളിൽ, വ്യത്യസ്തമായ ആശയങ്ങളുടെ ഭാഗമാകാനും സാധിച്ചു. ഈ സിനിമകളുടെയൊക്കെ എഴുത്തിന്റെ ശൈലിയും ആശയങ്ങളും ഒക്കെ വ്യത്യസ്തമായിരിക്കും. ചില പ്രൊജക്റ്റുകൾ മറ്റ് വർക്കുകളേക്കാൾ വളരെ ഭാവനാത്മകമായിരിക്കും. അതുകൊണ്ട് എന്റെ ജീവിതത്തിലെ ഓരോ ദിവസവും വളരെ വ്യത്യസ്തമാണ്, ഓരോ സെറ്റിൽനിന്നും വ്യത്യസ്തമായ അനുഭവങ്ങളുമാണ് ഉണ്ടാകുന്നത്. എപ്പോഴും ഞാൻ ഒരു വണ്ടർ ലാൻഡിൽ ആയിരിക്കും,’ ദുൽഖർ പറഞ്ഞു.

അതേസമയം ദുല്‍ഖര്‍ സല്‍മാനും നടിയും ഗായികയുമായ ജസ്‌ലീന്‍ റോയലും ഒന്നിച്ച ആൽബം പുറത്തിറങ്ങി. ജസ്ലീനും അര്‍ജീത്ത് സിങ്ങും പാടിയ ഗാനം ജസ്‌ലീന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്. ഇതിനോടകം ആൽബം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

മറ്റൊരു കാലത്ത് നിന്ന് കുതിരപ്പുറത്തേറി വരുന്ന രാജകുമാരനായാണ് ദുല്‍ഖര്‍ പാട്ടിലെത്തുന്നത്. പാട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി നേരത്തെ പങ്കുവെച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

Content Highlights: Dulquer on cinema

We use cookies to give you the best possible experience. Learn more