| Sunday, 6th March 2022, 10:17 pm

ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട് തിയേറ്ററുകളിലേക്കില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ഒരുപാട് നാളുകളായി ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ചിത്രം ജനുവരി 14നായിരിക്കും റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. തിയേറ്ററിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലായിരിക്കും റിലീസ് ചെയ്യുക എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സോണി ലിവ് ഇന്ത്യയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല.

മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്‌ലം പുരയിലാണ്.


Content Highlights: Dulquer movie Salute will release in Sonylive

We use cookies to give you the best possible experience. Learn more