| Saturday, 9th September 2023, 5:55 pm

മൂന്ന് മില്യണ്‍ ഇഷ്ടം; അമാലിന്റെ പിറന്നാള്‍ ചിത്രത്തിന് ഇന്‍സ്റ്റയില്‍ പുതിയ റെക്കോഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പങ്കാളിയായ അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു റെക്കോഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍.

ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ലൈക്ക് നേടുന്ന ആദ്യ മോളിവുഡ് താരമായിരിക്കുകയാണ് ദുല്‍ഖര്‍. 5000ത്തിലധികം കമന്റുകളും ഈ പോസ്റ്റ് നേടി.

തന്റെ വീട്ടില്‍ ഏറ്റവുമധികം കേള്‍ക്കുന്ന വാക്ക് അമാല്‍ ആണെന്നാണ് പങ്കാളിക്ക് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ കുറിച്ചത്. എത്ര ക്ഷീണിച്ചാലും തങ്ങള്‍ക്ക് വേണ്ടി ഊര്‍ജം കാത്തുവയ്ക്കുന്ന അമാല്‍ ആണ് തന്റെ വീട്ടിലെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതെന്നും എപ്പോഴും നീയായിരിക്കുന്നതിനു നന്ദി എന്നും ദുല്‍ഖര്‍ പറഞ്ഞു.

‘ആം, മമ്മാ ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങള്‍ ആണിവ. അമാല്‍ നീ എത്ര ക്ഷീണിതയായാലും ഒരു ദിവസം മുഴുവന്‍ ജോലി ചെയ്തു തളര്‍ന്നാലും ഞങ്ങള്‍ക്കു വേണ്ടി നീ ഊര്‍ജം കണ്ടെത്തും. ഞങ്ങള്‍ ഇപ്പോള്‍ നിന്നെ ഒരു ഡസന്‍ തവണ ആഘോഷിച്ചിട്ടുണ്ടാകും.

നീ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒരിക്കലും മാറുന്നില്ല. ജീവിതത്തില്‍ നീ ഒരുപാട് റോളുകള്‍ അനായാസമായി ചെയ്യുന്നുണ്ട്. നിന്റെ ശാന്തമായ വ്യക്തിത്വവും ശക്തിയുമാണ് കൂടുതല്‍ ആളുകളെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. നീ എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു,’ ദുല്‍ഖര്‍ കുറിച്ചു.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലും ദുല്‍ഖര്‍ പങ്കുവെച്ച ആശംസ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഒരിക്കല്‍ അങ്ങയുടെ പാതിയെങ്കിലുമായി മാറാനാവുമെന്നാണ് പ്രതീക്ഷയെന്നാണ് പോസ്റ്റില്‍ ദുല്‍ഖര്‍ പറഞ്ഞത്. ഇനിയും അങ്ങേക്ക് മാത്രം സാധിക്കുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരാനാവട്ടെയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

2.4 മില്യണ്‍ ലൈക്കാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അമാലിന്റെ പിറന്നാള്‍ ചിത്രം നേടിയ റെക്കോഡ് മമ്മൂട്ടിയുടെ പിറന്നാള്‍ ചിത്രം മറികടക്കുമോയെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Dulquer has become the first Mollywood star to get three million likes on Instagram

We use cookies to give you the best possible experience. Learn more