കണ്ണൂർ സ്‌ക്വാഡിലെ തന്റെ പ്രകടനം കണ്ടിട്ട് ദുൽഖർ സൽമാൻ മെസേജ് അയച്ചിരുന്നെന്ന് നടൻ ദീപക് പരമ്പോൽ. സിനിമയിലെ തന്റെ കഥാപാത്രത്തെ ആദ്യം മനസിലായില്ലെന്നും പിന്നീട് തിരിച്ചറിഞ്ഞെന്നുമായിരുന്നു മെസേജിൽ ഉണ്ടായിരുന്നെതെന്ന് ദീപക് പറഞ്ഞു. കഥാപാത്രം നന്നായെന്ന് ആളുകൾ പറയുന്നതിനുള്ള ക്രെഡിറ്റ് മേക്കപ്പ് മാനും റോബി വർഗീസിനുമാണെന്നും താരം കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപക് പരമ്പോൽ.
‘എനിക്ക് പടം റിലീസ് ചെയ്യുന്നതിന് മുമ്പ് ദുൽഖർ മെസേജ് അയച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം പടം കണ്ടതിനുശേഷം വാട്സ്ആപ്പിൽ ഒരു മെസേജ് അയക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് സല്യൂട്ടിൽ അഭിനയിച്ചിരുന്നു. ‘പടം കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് തിരിച്ചറിയാൻ പറ്റിയിട്ടില്ല പിന്നെയാണ് താനാണ് എന്ന് തിരിച്ചറിഞ്ഞത്’ അങ്ങനെ ഒരു മെസേജ് ആയിരുന്നു അത്. മുടി സ്ട്രൈറ്റ് ആയതുകൊണ്ട് മാത്രമല്ല പെർഫോം ചെയ്തതിലും വ്യത്യാസമുണ്ട് എന്ന് പറഞ്ഞിട്ടാണ് മെസ്സേജ് അയച്ചത്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ഉണ്ടായിരുന്നു. അത് റിലീസ് ചെയ്യുന്നതിന് മുന്നേ ആയിരുന്നു അയച്ചത്.
പക്ഷേ ഞാൻ ആരോടും ആ കാര്യം പറഞ്ഞിട്ടില്ലായിരുന്നു. റോബിയോടും പിന്നെ അടുത്ത കുറച്ചു സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. നമുക്ക് വേറെ എവിടെയും പറയാൻ പറ്റില്ല. കാരണം അന്ന് ഈ ക്യാരക്ടർ റിവീൽ ചെയ്യാൻ പാടില്ലായിരുന്നു. ഒരു ചെയ്ഞ്ച് ഫീൽ ചെയ്തു എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ടല്ലോ, അത് എന്തായാലും റോബിക്കും അതിന്റെ മേക്കപ്പ് മാനും അവകാശപ്പെട്ടതാണ്. അവാർഡ് കൊടുക്കാൻ ഒന്നുമില്ല, എന്നാലും അത് അവർക്ക് അവകാശപ്പെട്ടതാണ് (ചിരി),’ ദീപക് പരമ്പോൽ പറഞ്ഞു.
നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബർ 28നാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലാണ് ദീപക് പരമ്പോൽ എത്തിയത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് ഒരുക്കിയത്. കിഷോർകുമാർ, വിജയരാഘവൻ, ശബരീഷ് വർമ, റോണി ഡേവിഡ്, ധ്രുവൻ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് കേരളത്തിലെ വിതരണക്കാർ.