ദുല്‍ഖറും റിഷഭ് ഷെട്ടിയും ഒന്നിക്കുന്നു; സൂചന നല്‍കി താരം
Entertainment news
ദുല്‍ഖറും റിഷഭ് ഷെട്ടിയും ഒന്നിക്കുന്നു; സൂചന നല്‍കി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th August 2023, 7:57 pm

ഇന്ത്യയില്‍ പ്രധാന സിനിമ ഇന്‍ഡസ്ട്രികളിലെല്ലാം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരം ഇനി ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കേണ്ടതുണ്ടെങ്കില്‍ അത് കന്നഡയാണ്. അടുത്തെങ്ങും ദുല്‍ഖര്‍ കന്നഡയില്‍ അഭിനയിക്കാനുള്ള സാധ്യത കാണുന്നില്ല. എന്നാല്‍ സാന്‍ഡല്‍വുഡിലെ പ്രമുഖരുമായി സഹകരിച്ചേക്കുമെന്ന് പറയുകയാണ് ദുല്‍ഖര്‍.

റിഷഭ് ഷെട്ടിയും രാജ് ബി. ഷെട്ടിയുമായും താന്‍ സംസാരിച്ചിരുന്നുവെന്നും റിഷഭുമായി സഹകരിച്ച് മലയാളത്തില്‍ ഒരു പ്രൊജക്ട് ഉണ്ടായേക്കുമെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്. ഒ.ടി.ടി. പ്ലേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ കന്നഡ സിനിമയില്‍ നിന്നും മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല. എന്നിലേക്ക് വരുന്ന സിനിമകള്‍ക്കനുസരിച്ചും അതില്‍ എന്നെ എത്രത്തോളം ത്രില്ലടിപ്പിക്കുന്നു എന്നതിനേയും ആശ്രയിച്ചിരിക്കും. ഭാഷയല്ല പ്രശ്‌നം. എനിക്ക് എളുപ്പത്തില്‍ കന്നഡ പഠിക്കാനാവും.

പ്രൊഡക്ഷന്‍ വളരെ വ്യത്യസ്തമാണ്. മാര്‍ക്കറ്റിനെ പറ്റി വളരെ നന്നായി അറിഞ്ഞിരിക്കണം. പുതിയ ഒരു മാര്‍ക്കറ്റിങ് ഡിവിഷന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍. ബെംഗളൂരുവില്‍ നിന്നുമുള്ള ആളുകള്‍ അതിലുണ്ടാവും. ചിലപ്പോള്‍ കന്നഡയില്‍ എന്തെങ്കിലും നിര്‍മിച്ചേക്കാം.

എല്ലാവരിലേക്കും ഓപ്പണായ ആളാണ് ഞാന്‍. റൗണ്ട് ടേബിള്‍ ഡിസ്‌കഷനുകളില്‍ വെച്ച് റിഷബ് ഷെട്ടിയുമായി നടന്ന സംഭാഷണങ്ങള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. രാജ് ബി. ഷെട്ടിയോടും സംസാരിച്ചിരുന്നു. മലയാളത്തില്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊജ്കടിനായി അദ്ദേഹവുമായി കൊളാബറേറ്റ് ചെയ്‌തേക്കും,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. ഓഗസ്റ്റ് 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

നെറ്റ്ഫ്ളിക്സ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സും ദുല്‍ഖറിന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന പ്രൊജക്ടാണ്. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 18 മുതല്‍ സ്ട്രീം ചെയ്തുതുടങ്ങും. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ.

ദുല്‍ഖറിന് പുറമേ രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ എന്നിവരാണ് സീരീസില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. വിജയ് വര്‍മ എന്ന കഥാപാത്രത്തെയാണ് സീരീസില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

Content Highlight: Dulquer and Rishabh Shetty team up; The actor hinted